റയൽ മാഡ്രിഡിനെതിരെ 4-3 ന്റെ നാടകീയ തിരിച്ചുവരവ് വിജയത്തോടെ ലാ ലിഗ കിരീടം ഉറപ്പിക്കാൻ അടുത്തെത്തി എങ്കിലും ടീം ശ്രദ്ധ കൈവിടരുത് എന്ന് ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്ക് തൻ്റെ ടീമിന് മുന്നറിയിപ്പ് നൽകി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കാറ്റാലൻ ക്ലബ്ബിന് ഇപ്പോൾ ഏഴ് പോയിന്റ് ലീഡുണ്ട്. ബുധനാഴ്ച മയ്യോർകയ്ക്ക് എതിരെ റയൽ മാഡ്രിഡ് പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ അവർക്ക് കിരീടം ഉറപ്പിക്കാനാകും.

“ഞങ്ങൾ ഇതുവരെ ചാമ്പ്യൻമാരായതായി എനിക്ക് തോന്നുന്നില്ല, എൻ്റെ കളിക്കാരും അങ്ങനെത്തന്നെ ചിന്തിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഫ്ലിക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ലാ ലിഗയും കോപ്പ ഡെൽ റേയും ഒരുമിച്ച് നേടുന്നത് മനോഹരമായിരിക്കും… പക്ഷേ ഇത് ഫുട്ബോളാണ്. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കറിയില്ല.”
കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ 2-0 ന് പിന്നിൽ പോയ ശേഷം, ബാഴ്സലോണ തിരിച്ചുവരികയായുരുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിനെതിരായ അവരുടെ നാലാം തുടർച്ചയായ വിജയമാണിത്. ഈ ഫലം റയൽ മാഡ്രിഡിനെ ഈ സീസണിൽ ഒരു കിരീടവും നേടാതെ അവസാനിപ്പിക്കാനുള്ള സാധ്യതയിലേക്കും നയിക്കുന്നു.