ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് പത്ത് ദിവസം പിന്നിടുമ്പോൾ, ഫുട്ബോൾ എന്ന മാസ്മരിക കളിക്ക് ഏറെയുണ്ട് ആഹ്ലാദിക്കാൻ. സാധാരണ വേൾഡ് കപ്പ് വേദികളിൽ കാണാറുള്ള, ഏകപക്ഷീയമായ വിജയങ്ങൾ കൊണ്ട് വിരസമാകാറുള്ള ഗ്രൂപ്പ് മത്സരങ്ങളല്ല ഇത്തവണ നാം കണ്ടത്. ഒരു ടീമിനെ പോലും കുറച്ചു കാണാൻ സാധിക്കാത്തത്ര ഉദ്വേഗജനകമായ കളികളായിരിന്നു ഇതുവരെയും. പ്രീക്വാർട്ടറിൽ കടക്കുമോ എന്നറിയാൻ ഫുട്ബോളിന്റെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ടീമുകൾ പോലും അവസാന ഗ്രൂപ്പ് മത്സരത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ് ദോഹ കണ്ടത്.
ഇത് ഖത്തറിന്റെ പ്രത്യേകതയാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ലെങ്കിൽ കൂടിയും, ഇത് ഖത്തറിൽ വേൾഡ് കപ്പ് നടത്താൻ എടുത്ത തീരുമാനവുമായി ചേർന്ന് പോകുന്നതാണ് എന്നതാണ് സത്യം. വേൾഡ് കപ്പ് ആരുടെയും കുത്തകയല്ലെന്നും, വേൾഡ് കപ്പ് വേദിയാകാൻ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഖത്തർ വേൾഡ് കപ്പ് തെളിയിച്ചു കഴിഞ്ഞു. അത് തന്നെയാണ് പരമ്പരാഗത ടീമുകളോട് സൗദി, ഇറാൻ, സെനഗൽ, ടുണീഷ്യ, ജപ്പാൻ, കോസ്റ്ററിക്ക, ഘാന, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ പ്രകടനവും വിളിച്ചു പറയുന്നത്.
ഫുട്ബോൾ കളിയെ ഇടുങ്ങിയ മനസ്സുകൾ കൊണ്ടും, മുൻവിധി നിറഞ്ഞ ദൃഷ്ടിയോടെയും നോക്കി കണ്ടിരുന്നവർക്ക് ശക്തമായ സന്ദേശമാണ് 2022 വേൾഡ് കപ്പ് നൽകുന്നത്. അതായത് തഴമ്പിൽ കഴമ്പില്ല എന്നു. മുകളിൽ പേരെടുത്തു പറഞ്ഞ ടീമുകളിൽ ഭൂരിഭാഗവും അടുത്ത റൗണ്ട് കാണില്ല, പക്ഷെ അവരെ മറികടന്ന് പോകുന്നവർക്കെന്ന പോലെ അവർക്കും അഭിമാനിക്കാം, നിസ്സാര കളിക്കല്ല ഖത്തറിലെ ഗാലറികൾ സാക്ഷ്യം വഹിച്ചത്. ഇത് വരെ വേൾഡ് കപ്പ് ഫൈനൽസിൽ ഇടം കിട്ടാത്ത അനേകം രാജ്യങ്ങൾക്ക് ഇവരുടെ പ്രകടനം നൽകുന്ന പ്രത്യാശ, ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ അത്ഭുതങ്ങൾ നമുക്ക് കാണിച്ചു തന്നേക്കാം എന്നു പ്രതീക്ഷിക്കാം.
ഖത്തർ വേൾഡ് കപ്പ് തീരാൻ ഇനിയുമുണ്ട് 18 ദിവസങ്ങൾ, പക്ഷെ കളിക്കാർക്കും കാണികൾക്കും ഒരു പരാതിക്കും ഇടം കൊടുക്കാതെ ഇത് വരെ നടന്ന ഈ മാമാങ്കത്തിലെ നിറ സ്റ്റേഡിയങ്ങൾ മറ്റ് പല കൊച്ചു രാജ്യങ്ങൾക്കും നൽകുന്ന ധൈര്യവും ചെറുതല്ല. തങ്ങൾ ചോദിച്ചാൽ നൽകില്ല, അല്ലെങ്കിൽ തങ്ങളെക്കൊണ്ട് സാധിക്കില്ല എന്നു പറഞ്ഞ് മാറി നിന്ന പല രാജ്യങ്ങളും ഇനിയുള്ള കാലങ്ങളിൽ വേൾഡ് കപ്പ് വേദിയാകാൻ മുന്നോട്ട് വരുന്ന സാധ്യതക്ക് ഖത്തർ നിമിത്തമായി എന്ന് നമുക്ക് തറപ്പിച്ചു പറയാം.
നവംബർ ഡിസംബർ മാസങ്ങളിൽ ഖത്തറിലെ മരുഭൂ തണുപ്പിച്ച കാറ്റാകുമോ കളികൾ ഇത്ര ആവേശകരമാകാൻ കാരണം? പറയാൻ പറ്റില്ല, അത്ഭുതങ്ങൾ നടന്നതായി പറയുന്ന മണലാരണ്യമാണ് അറേബ്യ മുഴുവൻ! വേൾഡ് കപ്പ് പതിനാറിന്റെ പടിക്കൽ എത്തി നിൽക്കുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തല കുലുക്കി സമ്മതിക്കുന്നുണ്ട്, ഇപ്പഴാണ് ഇതൊരു വിശ്വ കളിയായതെന്നു.