ലോകകപ്പിലെ വിചിത്ര നേട്ടവുമായി മരിയോ മൻസൂക്കിച്ച്

ലോകകപ്പ് ഫൈനലിൽ സ്വന്തം പോസ്റ്റിലേക്കും എതിരാളികളായ ഫ്രാൻസിനെതിരെയും ഗോൾ കണ്ടെത്തിയ ക്രൊയേഷ്യൻ താരം മരിയോ മൻസൂക്കിച്ച് ഒരു വിചിത്ര നേട്ടത്തിനുടമയായി. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിൽ സെൽഫ് ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനായി മൻസൂക്കിച്. മത്സരത്തിന്റെ 18 ആം മിനുട്ടിലാണ് താരം പന്ത് സ്വന്തം വലയിലേക്ക് തിരിച്ചു വിട്ടത്. അന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വീണ ഗോൾ അങ്ങനെ ചരിത്രത്തിൽ ഇടം നേടി.

ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തതോടെ ഒരു ലോകകപ്പ് മത്സരത്തിൽ സെൽഫ് ഗോളും, എതിരാളികളുടെ വലയിലും ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം താരവുമായി മൻസൂക്കിച്ച്. 1978ലെ ലോകകപ്പിൽ ഹോളണ്ടിന്റെ എർണി ബ്രാൻഡ്‌സ് ആണ് ഇതിനു മുൻപ് ഇങ്ങനെ ഒരു നേട്ടം നേടിയിട്ടുള്ളത്.

തീർന്നില്ല, ഒരു യൂറോപ്യൻ കപ്പ് / ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലോകകപ്പ് ഫൈനലിലും ഗോൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമായി മൻസൂക്കിച്ച്. പുഷ്കാസ്, സോൽടാൻ സിബോർ, ഗെർഡ് മുള്ളർ, സിനദിൻ സിദാൻ എന്നിവർ മാത്രമാണ് ഇതിനു മുൻപ് ഇങ്ങനെ ഒരു നേട്ടം കൈവരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial