2022 വേൾഡ് കപ്പ് അഥവാ മലയാളി കപ്പ്

ഒരിക്കൽ ഖത്തർ അംബാസ്സഡറുടെ വീട്ടിലെ വിരുന്നിൽ നാട്ടിൽ നിന്നുള്ള പെട്രോളിയം ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ചുമതലയുടെ ഭാഗമായി പങ്കെടുക്കാൻ അവസരമുണ്ടായി. പല തവണ സ്ഥാനപതിയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഖത്തറിലെ പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമുള്ള ഒരു വിരുന്നിൽ പങ്കെടുത്തത്. വിരുന്നു മേശക്കു ചുറ്റും ഇരുന്നപ്പോൾ സംസാരം വളരെ സരസമായിരിന്നു. അന്നത്തെ നമ്മുടെ അംബാസ്സഡർ, ഡോ ജോർജ് ജോസഫ്, മലയാളിയായതു കൊണ്ട് കേരളത്തെക്കുറിച്ചും സംസാരമുണ്ടായി. കൂട്ടത്തിലുള്ള ഒരു യുവ ഖത്തറി ഉദ്യോഗസ്ഥൻ രസകരമായ ഒരു കഥ പറയുകയുണ്ടായി. അറബ് നാടുകളിൽ മഴക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താറുണ്ട്. സർക്കാർ പറയുന്ന ദിവസം സ്വദേശികളും വിദേശികളും ആ പ്രാർത്ഥനകളിൽ പങ്കെടുക്കും. അങ്ങനെ ഒരിക്കൽ മഴയ്ക്ക് വേണ്ടി രാജ്യം പ്രാർത്ഥിച്ചു, അതിന്റെ അടുത്ത ദിവസം കേരളത്തിൽ നല്ല മഴ ലഭിച്ചു എന്നാണ് കഥ. ഖത്തറിൽ തദ്ദേശീയരെക്കാൾ മലയാളികളാണ് കൂടുതൽ എന്ന് പ്രത്യേകം പറയേണ്ടല്ലോ!

2022 ഫിഫ വേൾഡ് കപ്പ് ഈ വർഷം നവംബറിൽ ഖത്തറിൽ തുടങ്ങുമ്പോഴും ഏറ്റവും അധികം സന്തോഷിക്കുക മലയാളികളാകും. ഖത്തറിൽ ഉള്ള മലയാളികളും നാട്ടിൽ ഉള്ളവരും. ഇപ്പോൾ തന്നെ ടിക്കറ്റ് വാങ്ങി കൂട്ടിയ ആളുകളിൽ ഖത്തറിൽ താമസിക്കുന്ന മലയാളികളാണ് കൂടുതൽ എന്ന് ശ്രുതിയുണ്ട്. സ്വന്തം നാട്ടിൽ വേൾഡ് കപ്പ് നടക്കുന്ന ഉത്സാഹത്തോടെയാണ് അവിടുള്ളവർ ടിക്കറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നാട്ടിൽ നിന്നുള്ളവരും 4 മണിക്കൂർ യാത്ര ചെയ്തു വേൾഡ് കപ്പ് മത്സരങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ്. താമസിക്കാൻ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും വീടുകൾ ഉണ്ട് എന്നതാണ് നാട്ടിൽ ഉള്ളവർക്ക് സന്തോഷം നൽകുന്നത്. അടുപ്പക്കാരുടെ വീടുകളിൽ തങ്ങി കളി കാണുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിൽ കൂടി, ചിലവ് കുറച്ചു കളി കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
20220406 232142
ഇന്ത്യയിൽ മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ദേശം എന്ന നിലക്ക്, നമ്മൾ മലയാളികൾക്ക് ഇതിലും അടുത്തായി വേൾഡ് കപ്പ് എത്തിപ്പെടും എന്ന് കരുതാൻ പറ്റില്ല. അത് കൊണ്ട് തന്നെ ഇത് ഒരു സുവർണ്ണാവസരമായി കണക്കാക്കി കളിയെ സ്നേഹിക്കുന്നവർ മറ്റ് എപ്പോഴത്തേക്കാളും കൂടുതലായി നാട്ടിൽ നിന്ന് ഖത്തർ ലക്ഷ്യമാക്കി പറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഒരു പരസ്യത്തിൽ ബഹിരാകാശ റോക്കറ്റ് കാണുമ്പോൾ, ഇതിനെത്ര മൈലേജ് കിട്ടും എന്ന് ചോദിക്കുന്ന മലയാളിയെ കണ്ടത് ഓർത്തു പോകുന്നു. ഒരൊറ്റ യാത്രയിൽ ഒന്നിൽ കൂടുതൽ കളി കാണാൻ സാധിക്കും എന്നതും മലയാളികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ കാര്യമാണ്. കഴിഞ്ഞ തവണ റഷ്യയിൽ വേൾഡ് കപ്പ് നടന്നപ്പോൾ, സ്റ്റേഡിയങ്ങൾ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരമുണ്ടായിരുന്നു. എന്നാൽ നൂറ്റിച്ചില്ലാൻ കിലോമീറ്റർ തെക്കു വടക്കും, അതിലും കുറവ് ദൂരം കിഴക്ക് പടിഞ്ഞാറും വിസ്തീർണ്ണമുള്ള ഖത്തറിൽ വേൾഡ് കപ്പിനായി ഒരുക്കിയിട്ടുള്ള 8 സ്റ്റേഡിയങ്ങൾ തമ്മിൽ കൂടി വന്നാൽ 40 കിലോമീറ്റർ മാത്രമേ ദൂരമുള്ളു. ഈ വേദികൾ എല്ലാം തന്നെ മെട്രോ വഴി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യാത്രയും വളരെ എളുപ്പമാകും.

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷണം ബിരിയാണിയാണ് എന്ന് ഒരു റിപ്പോർട് നമ്മൾ കണ്ടിരുന്നു. ഖത്തറിനെ സംബന്ധിച്ചും ഇത് എല്ലാ അർത്ഥത്തിലും ശരിയാണ്. മൊത്തത്തിലുള്ള റെസ്റ്റോറന്റുകളുടെ എണ്ണമെടുത്താൽ കൂടുതലും ഇന്ത്യൻ റെസ്റ്റോറന്റുകളാകും. അതിൽ തന്നെയും 90 ശതമാനവും കേരള ഹോട്ടലുകളാകും. രാവിലെ തന്നെ പുട്ടും കടലയും, ദോശയും, അപ്പവും കിട്ടിയാൽ മലയാളിക്ക് അതില്പരം ആനന്ദം മറ്റൊന്നില്ല. അതായത്, ഭക്ഷണ കാര്യത്തിലും ഒട്ടും പേടിക്കേണ്ട എന്ന്.

മറുനാട്ടിൽ വച്ച് വഴി ചോദിക്കാൻ ഭാഷ ഒരു പ്രശ്നമാണ് എന്ന് ഖത്തറിൽ വരുന്ന മലയാളി കാണികൾ ഉത്കണ്ഠപ്പെടേണ്ട. അറബി വേഷം ധരിക്കാത്ത ആരോട് വേണമെങ്കിലും ധൈര്യമായിട്ടു “നാട്ടിൽ എവിടെയാ..?” എന്ന് ചോദിക്കാം. നാട്ടിലെ പോലെ ഭാഷ അടിച്ചേൽപ്പിക്കുന്ന പദ്ധതി ഒന്നുമില്ലെങ്കിലും, ഉത്തരേന്ത്യനും, ശ്രീലങ്കനും കൂടാതെ പാകിസ്ഥാനിക്ക് പോലും മലയാളം അറിയാം! കൂടാതെ വേൾഡ് കപ്പ് വേദികളിലും മറ്റ് പ്രധാനയിടങ്ങളിലും സന്ദർശകരെ സഹായിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന വോളന്റിയർമാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

ഇതെല്ലാം കൊണ്ട് തന്നെ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് മലയാളികൾക്ക് ഒരു സ്വന്തം ടൂർണമെന്റ് ആകാനാണ് സാധ്യത. ഗാലറിയിൽ ഇത്തവണ ഉയരുന്ന മുദ്രാവാക്യങ്ങളിൽ കൂടുതലും മലയാളത്തിലേക്കും! നിറയാൻ കാത്തിരിക്കുന്ന അത്ഭുത സ്റ്റേഡിയങ്ങൾ, അറബ് ആതിഥേയത്വം, മാസ്മരിക കളികൾ എല്ലാം ഒരു സ്വപ്ന തുല്യമായ അനുഭൂതിയാകും നൽകുക. കളി നടക്കുന്ന 30 ദിവസത്തേക്ക് ഖത്തറാകും ഗോഡ്സ് ഓൺ കൺട്രി!