2021 മുതൽ യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ക്ലബുകൾ ചേർന്ന് നടത്താനൊരുങ്ങുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് കടിഞ്ഞാണിട്ട് ഫിഫ. യൂറോപ്യൻ സൂപ്പർ ലീഗിൽ താരങ്ങൾ കളിച്ചാൽ ലോകകപ്പും യൂറോ കപ്പും അടക്കമുള്ള മത്സരങ്ങളിൽ നിന്ന് താരങ്ങളെ വിലക്കുമെന്നാണ് ഫിഫ പ്രഖ്യാപിച്ചത്. ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് തുടങ്ങിയ ക്ലബ്ബുകളും യൂറോപ്യൻ സൂപ്പർ ലീഗിന് പിന്തുണക്കുന്നെന്ന് വാർത്തകൾ വന്നിരുന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട 16 ടീമുകളെ ഉൾപ്പെടുത്തിയാണ് യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതിയിട്ടിരുന്നത്.
ജർമൻ വാരികയായ ഡെർ സ്പീഗലാണ് 2021 മുതൽ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ ചേർന്ന് സൂപ്പർ ലീഗ് നടത്താനൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ക്ലബുകൾ ഇപ്പോൾ പങ്കെടുക്കുന്ന ദേശീയ ലീഗിൽ നിന്ന് പിന്മാറാനുള്ള നടപടികളെ കുറിച്ചുള്ള രേഖകളും വാരിക പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് ഫിഫ ഈ വിഷയത്തിൽ ഇടപെട്ടത്. ഫുട്ബോളിനെ രക്ഷിക്കാൻ വേണ്ടിയാണു ഫിഫ ഈ നടപടിക്ക് മുതിരുന്നതെന്നും ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞു. താരങ്ങൾക്ക് ഒരിക്കലും യൂറോപ്യൻ സൂപ്പർ ലീഗിലും വേൾഡ് കപ്പ് പോലുള്ള ടൂർണമെന്റുകളിലും പങ്കെടുക്കാൻ കഴിയില്ലെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ നിലവിലുള്ള ക്ലബ് വേൾഡ് കപ്പ് കൂടുതൽ വിപുലമായി നടത്താൻ ഫിഫ തീരുമാനിച്ചിട്ടുണ്ടെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.