ഫിഫ ക്ലബ്ബ് ലോകകപ്പിൽ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 4-3ന് തകർത്ത് അൽ ഹിലാൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇനി അവർ ഫ്ലുമിനെൻസെയെ നേരിടും.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ സിറ്റി മികച്ച തുടക്കം നേടി. എന്നാൽ രണ്ടാം പകുതിയിൽ എം. ലിയോനാർഡോ (46′), മാൽക്കം (52′) എന്നിവരുടെ വേഗത്തിലുള്ള ഗോളുകളിലൂടെ അൽ ഹിലാൽ ശക്തമായി തിരിച്ചെത്തി. 55-ാം മിനിറ്റിൽ എർലിംഗ് ഹാളണ്ട് സിറ്റിക്കായി സമനില ഗോൾ നേടി. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിം
94-ാം മിനിറ്റിൽ കാലിദു കൂലിബാലിയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ അൽ ഹിലാൽ വീണ്ടും 3-2ന് മുന്നിലെത്തി.
104-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ഒരു സൂപ്പർ ഫിനിഷിലൂടെ സമനില നേടി. സ്കോർ 3-3. എങ്കിലും ഹിലാലിന്റെ പോരാട്ട വീര്യം അവസാനിച്ചില്ല. 112-ാം മിനിറ്റിൽ എം. ലിയോനാർഡോ തന്റെ രണ്ടാം ഗോളും നേടി സൗദി ടീമിന് വിജയം ഉറപ്പിച്ചു.
ഈ ഫലത്തോടെ മാഞ്ചസ്റ്റർ സിറ്റി ടൂർണമെന്റിൽ നിന്ന് പുറത്തായി.