ജാവോ ഫെലിക്സ് അത്ലറ്റികോ മാഡ്രിഡ് വിടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കോച്ച് സിമിയോണിയുമായുള്ള ബന്ധം വഷളായതിന് പിറകെ താരം ജനുവരിയിൽ തന്നെ ടീം വിട്ടേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഫെലിക്‌സിന് വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാർ മുന്നോട്ടു വരുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സനൽ എന്നിവരാണ് നിലവിൽ പോർച്ചുഗൽ താരത്തിൽ താല്പര്യം പ്രകടിപ്പിക്കുന്നത്. ഇരു ടീമുകളും ഫെലിക്‌സിന്റെ ഏജന്റായ മെന്റെസുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. എൻസോ ഫെർണാണ്ടസിന് വേണ്ടിയുള്ള നീക്കം നടത്തികൊണ്ടിരിക്കുന്ന ചെൽസിയുടെയോ പിഎസ്ജിയുടെയോ റഡാറിൽ നിലവിൽ താരമില്ല.
ലീഗിൽ മുൻപേ കുതിക്കുന്ന ആഴ്‌സനലിന് അറ്റാക്കിൽ ഫെലിക്സിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും. ഗബ്രിയേൽ ജീസസ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ, ഫെലിക്‌സിന്റെ വരവ് ടീമിന് ഗുണം ചെയ്യും. അതേ സമയം ജനുവരിയിൽ ലോണിലാവും ഫെലിക്‌സ് അത്ലറ്റികോ വിടുക. സ്പാനിഷ് ടീം ആവശ്യപ്പെടുന്ന ലോൺ തുക വളരെ ഉയർന്നതാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സീസൺ കഴിയുന്നത് വരെയുള്ള താരത്തിന്റെ സാലറി കൂടി ആവുമ്പോൾ ഇത്രയും തുക ടീമുകൾ മുടക്കാൻ തയ്യാറാകുമോ എന്നത് സംശയമാണ്. റൊണാൾഡോ ടീം വിട്ട ശേഷം മുന്നേറ്റത്തിൽ പകരക്കാരെ തേടുന്ന യുണൈറ്റഡിനും ഫെലിക്സിനെ എത്തിക്കാൻ കഴിഞ്ഞാൽ ആശ്വാസമാവും.
അതേ സമയം ലോകകപ്പ് ഇടവേള കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ തന്നെ ഫെലിക്‌സിനെ സിമിയോണി ആദ്യ ഇലവനിൽ ഇറക്കിയിരുന്നു. ഒരു ഗോൾ നേടിയതടക്കം മികച്ച പ്രകടനമാണ് ഫെലിക്‌സ് പുറത്തെടുത്തത്. ലോകകപ്പിന് മുൻപ് താരത്തെ സ്ഥിരമായി ബെഞ്ചിൽ നിന്നായിരുന്നു സിമിയോണി ഇറക്കിയിരുന്നത്.