ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ക്ലബ്ബിനെ സഹായിക്കാൻ സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറായി എഫ്‌സി ഗോവ താരങ്ങളും സ്റ്റാഫുകളും. ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളാണ് ഈ തീരുമാനത്തിന് മുന്നിട്ടിറങ്ങിയത്.

ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഐഎസ്എൽ 2025-26 സീസണിന് മുന്നോടിയായി ക്ലബ്ബ് നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരങ്ങൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഐക്കർ ഗുരോട്‌സീനയെപ്പോലുള്ള വിദേശ താരങ്ങൾ നേരത്തെ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ, ടീമിന്റെ നിലനിൽപ്പിനായി താരങ്ങൾ വിട്ടുവീഴ്ചക്ക് തയ്യാറാവുക ആയിരുന്നു.
ഐഎസ്എൽ തുടങ്ങാൻ വൈകിയതും വാണിജ്യ പങ്കാളികളുടെ അഭാവവും ക്ലബ്ബുകളുടെ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്‌സി ഉടമ പാർത്ഥ് ജിൻഡാൽ നേരത്തെ തന്നെ താരങ്ങളോട് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് ആവശ്യപ്പെട്ടിരുന്നു. ക്ലബ്ബുകൾ നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും ഐഎസ്എൽ മത്സരങ്ങളിൽ മുടങ്ങാതെ പങ്കെടുക്കാനും താരങ്ങളുടെ ഈ തീരുമാനം സഹായകമാകും.









