ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധി മുറുകുന്നു; എഫ്‌സി ഗോവ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവെച്ചു

Newsroom

Resizedimage 2026 01 06 09 26 04 1


ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന ഗുരുതരമായ ഭരണപ്രതിസന്ധിയെത്തുടർന്ന് എഫ്‌സി ഗോവ തങ്ങളുടെ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ മീറ്റിംഗിൽ ക്ലബ് സിഇഒ രവി പുസ്കൂർ ആണ് താരങ്ങളെയും പരിശീലകരെയും ഈ തീരുമാനം അറിയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഭാവി സംബന്ധിച്ച അനിശ്ചിതത്വവും ക്ലബ്ബ് നടത്തിപ്പിലെ സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് മറ്റ് വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.


ഐഎസ്എൽ 2025-26 സീസൺ തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 24-ന് എഫ്‌സി ഇസ്‌തിക്ലോളിനെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരത്തിനിടെ ഗോവ താരങ്ങൾ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന അവഗണനയിലേക്ക് ലോകശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്ലബ്ബ് പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുന്നത്. എഐഎഫ്‌എഫും (AIFF) വാണിജ്യ പങ്കാളികളും തമ്മിലുള്ള കരാർ തർക്കങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളുമാണ് ലീഗ് വൈകാൻ കാരണമായത്.


പ്രതിസന്ധി പരിഹരിക്കാനായി എഐഎഫ്‌എഫ് ഇന്ന് അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഐഎസ്എൽ, ഐ-ലീഗ് എന്നിവയുടെ പുതിയ ഫോർമാറ്റുകളും തീയതികളും ഈ യോഗത്തിൽ തീരുമാനിച്ചേക്കും. എങ്കിലും, എഫ്‌സി ഗോവയെപ്പോലുള്ള ഒരു മുൻനിര ക്ലബ്ബ് പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നത് ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ ദയനീയാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.