കൊണ്ടോട്ടി: കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്ത് സമാപിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻമാരായ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ടീം പരിശീലകൻ ഫാസിലിനെ ഫൈനൽ മത്സസരം കഴിഞ്ഞപാടെ കുറച്ച് യുവാക്കളുടെ ഒരു പ്രത്യേക സംഘം ഓടി വന്ന് എടുത്തുയർത്തി വിജയാഹ്ലാദം പങ്കിട്ടത് കാഴ്ച്ചക്കാർക്ക് വലിയ കൗതുകമായി. ഈ സംഘം മറ്റാരുമായിരുന്നില്ല കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിന്റെ വ്യത്യസ്ഥ വർഷങ്ങളിലെ ഫുട് ബോൾ ടീം അംഗളായിരുന്നു. ഇവർക്ക് ഒരു സംഘടന തന്നെയുണ്ട് ‘എക്സ്ഫാ ഇ.എം.ഇ.എ എച്ച്.എസ്.എസ്.എസ്.
രണ്ട് വർഷം മുമ്പാണ് എക്സ്ഫാ രൂപീകരിച്ചത്. ഫാസിലാണ് സംഘടനയുടെ സെക്രട്ടറി. തങ്ങളുടെ പ്രഥമ പരിശീലകനായ സി.ടി അജ്മലും അന്നത്തെ പ്രധാനാധ്യാപകനായിരുന്ന കെ.കെ മൂസകുട്ടി മാസ്റ്ററും കായികാധ്യാപകനായിരുന്ന ടി.എം രവീന്ദ്രൻ മാസ്റ്ററുമാണ് സംഘടനയുടെ രക്ഷാധികാരികൾ. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശിയായ ഫാസിൽ. അന്ന് പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ഫാസിലിന്റെ സഹകളിക്കാരായിരുന്നു ഇന്ത്യൻ ഫുട്ബോൾ താരമായ അനസ് എടത്തൊടികയും ഇന്ത്യൻ റയിൽവേ ഗോൾകീപ്പർ ജസീർ മുഹമ്മദും അന്ന് അനസ് പത്താം ക്ലാസ്സിലും ജസീർ ഒമ്പതാം ക്ലാസ്സിലുമായിന്നു.
കഴിഞ്ഞ വർഷം വരെ ഒരു തവണ പോലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിനപ്പുറം കടന്നിട്ടില്ലാത്ത ഇ.എം.ഇ.എ കോളേജിനെ ഈ വർഷം ചാമ്പ്യൻമാരാക്കി ആദ്യതവണ ചാമ്പ്യൻമാരാക്കുക എന്ന തിരുത്താനാകാത്ത ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോച്ച് ഫാസിലും ശിഷ്യൻമാരും.
ചാമ്പ്യൻസ് ടീമിൽ കോച്ച് ഫാസിലിനെ കൂടാതെ കളിക്കാരായ ടി.പി സാക്കിറും, റാസിഖ് തുറക്കലും ഉണ്ടായിരുന്നു. ചരിത്ര നേട്ടത്തിന്റെ ഭാഗമായ മൂന്നു പേർക്കും എക്സ്ഫാ ഇ.എം.ഇ.എ.എച്ച്.എസ്.എസ് സ്വീകരണം കൊടുക്കാനൊരുങ്ങുകയാണ്.