എഫ് എ കപ്പ് സെമി ഫൈനലിൽ ഇന്ന് കണ്ടത് ഒരു അത്ഭുത തിരിച്ചുവരവ്. രണ്ട് ഗോളിന് മുന്നിട്ടു നിന്ന വോൾവ്സിനെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിലൂടെ തിരിച്ചടിച്ച് വീഴ്ത്തിയ വാറ്റ്ഫോർഡ് വെംബ്ലിയിലെ എൺപതിനായിരം കാണികളെയും ഞെട്ടിച്ചു. ഡിഫൻസീവ് പ്രകടനങ്ങൾക്ക് പേരുകേട്ട വോൾവ്സിനോടാണ് ഈ തിരിച്ചുവരവ് നടത്തിയത് എന്നത് വാറ്റ്ഫോർഡിന്റെ കരുത്ത് കാട്ടുന്നു.
മുൻ ബാഴ്സലോണ താരം ഡെലഫെയു ആണ് ഇന്ന് വാറ്റ്ഫോർഡിന്റെ രക്ഷനായത്. കളിയുടെ തുടക്കം മുതൽ വോൾവ്സിന്റെ മുന്നേറ്റങ്ങൾ കണ്ട മത്സരത്തിൽ 36ആം മിനുട്ടിൽ ഡൊഹെർട്ടിയുടെയും 62ആം മിനുട്ടിൽ ജിമിനെസിന്റെയും ഗോളുകളിൽ വോൾവ്സ് രണ്ട് ഗോളിന് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ 66ആം മിനുട്ടിൽ സബ്ബായി എത്തിയ ഡെലഫെയു കളി ആകെ മാറ്റി.
79ആം മിനുട്ടിൽ ആദ്യ ഒരു ഗോൾ നേടി ഡെലഫെയു വായ്ഫോർഡിന് പ്രതീക്ഷകൾ നൽകി. പിന്നീട് ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടി. ലക്ഷ്യത്തിൽ എത്തിച്ചത് വിശ്വസ്ഥനായ ഡീനി. കളി എക്സ്ട്രാ ടൈമിലേക്ക്. അവിടെ വീണ്ടും ഡെലഫെയു മാജിക്. ഡെലഫെയുവിന്റെ സ്പീഡിനും പെർഫക്ഷനും മുന്നിൽ വോൾവ്സ് ഡിഫൻസ് വീണ്ടും വീണു. സ്കോർ 3-2. വാറ്റ്ഫോർഡ് വിജയിച്ച് ഫൈനലിലേക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ആകും വാറ്റ്ഫോർഡ് ഫൈനലിൽ നേരിടുക.