ലിവർപൂൾ വീണ്ടും തോറ്റു, ഇത്തവണ എഫ് എ കപ്പ് നാലാം റൗണ്ടിൽ വെസ്റ്റ് ബ്രോമാണ് ക്ളോപ്പിന്റെ ടീമിനെ തോൽപിച്ചത്. സ്വന്തം മൈതാനമായ ആൻഫീൽഡിൽ 2-3 നാണ് അലൻ പാർഡിയുവിന്റെ ടീം ലിവർപൂളിനെ എഫ് എ കപ്പിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിൽ സ്വാൻസിയോട് തോറ്റ ലിവർപൂൾ ഇതോടെ സീസണിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് തുടരുന്നത്. ക്ളോപ്പിന് കീഴിലെ 3 സീസണിലും ലിവർപൂൾ എഫ് എ കപ്പിൽ നാലാം റൗണ്ടിലാണ് പുതുറത്തായത്.
വെസ്റ്റ് ബ്രോം ക്യാപ്റ്റൻ ജോണി ഇവാൻസിന്റെ പിഴവ് മുതലാക്കി അഞ്ചാം മിനുട്ടിൽ ഫിർമിനോ ലിവർപൂളിന് ലീഡ് സമ്മാനിച്ചെങ്കിലും രണ്ട് മിനുറ്റുകൾക്കകം വെസ്റ്റ് ബ്രോം സമനില കണ്ടെത്തി. മികച്ച ഫോമിലുള്ള ജെ റോഡ്രിഗസാണ് ഗോൾ നേടിയത്. ഏറെ വൈകാതെ ഗിബ്‌സിന്റെ പാസ്സിൽ റോഡ്രിഗസ് 11 ആം മിനുട്ടിൽ വെസ്റ്റ് ബ്രോമിന് ലീഡ് സമ്മാനിച്ചതോടെ മത്സരം ആവേഷകരമായി. 20 ആം മിനുട്ടിൽ വെസ്റ്റ് ബ്രോം വീണ്ടും വല കുലുക്കിയെങ്കിലും VAR തീരുമാനത്തിലൂടെ റഫറി ഗോൾ അനുവദിച്ചില്ല. 27 ആം മിനുട്ടിൽ സലാഹിനെ ഫൗൾ ചെയ്തതിന് ലിവർപൂളിന് റഫറി VAR വഴി പെനാൽറ്റി അനുവദിച്ചു. പക്ഷെ കിക്കെടുത്ത ഫിർമിനോ പന്ത് പോസ്റ്റിലേക്ക് അടിച്ചതോടെ വെസ്റ്റ് ബ്രോം ലീഡ് നിലനിർത്തി. 47 ആം മിനുട്ടിൽ ലിവർപൂൾ പ്രതിരോധം വീണ്ടും അബദ്ധം കാണിച്ചപ്പോൾ വെസ്റ്റ് ബ്രോം മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഇത്തവണ മാറ്റിപ്പിന്റെ സെൽഫ് ഗോളാണ് അവർക്ക് തുണയായത്.
രണ്ടാം പകുതിയിൽ 65 ആം മിനുട്ടിൽ ക്ളോപ്പ് ഹെൻഡേഴ്സൻ, ഇങ്സ്, മിൽനർ എന്നിവരെ കളത്തിൽ ഇറക്കി മത്സരം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജയം കണ്ടില്ല. 78 ആം മിനുട്ടിൽ സലാഹിലൂടെ സ്കോർ 2-3 ആക്കാൻ ലിവർപൂളിന് ആയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്ക് ആവാതെ വന്നതോടെ വെസ്റ്റ് ബ്രോം ജയം ഉറപ്പിച്ചു. വെസ്റ്റ് ബ്രോം ഗോളി ഫോസ്റ്ററിന്റെ മികച്ച സേവുകളും അവർക്ക് തുണയായി. 75 മില്യൺ ചിലവാക്കി വാൻ ടയ്ക്ക് എത്തിയിട്ടും ശെരിയാവാത്ത പ്രതിരോധം വരും മത്സരങ്ങളിലും ക്ളോപ്പിന് തലവേദനയാവും എന്നതിന്റെ വ്യക്തമായ സൂചനയായി ഇന്നത്തെ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial