ലംപാർഡ് കുതിപ്പ് തുടരുന്നു, സൗത്താംപ്ടനെ മറികടന്ന് ഡർബി

ഫ്രാങ്ക് ലാംപാർഡിന്റെ ഡർബി കുതിപ്പ് തുടരുന്നു. ഇത്തവണ എഫ് എ കപ്പ് മൂന്നാം റൌണ്ട് റിപ്ലെയിൽ സൗത്താംപ്ടനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ഡർബി അടുത്ത റൌണ്ട് ഉറപ്പാക്കിയത്. ആദ്യ പാദ മത്സരം 2-2 ന്റെ സമനില ആയതോടെയാണ് റിപ്ലെ ആവശ്യമായി വന്നത്.

മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം 2 ഗോളുകൾ തിരിച്ചടിച്ചാണ് ഡർബി മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീട്ടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 68 ആം മിനുട്ടിൽ ആംസ്‌ട്രോങ്, 70 മിനുട്ടിൽ റെഡ്‌മണ്ട് എന്നുവരുടെ ഗോളോടെ മത്സരം സൗത്താംപ്ടൻ സ്വന്തമാക്കി എന്ന് തോന്നിപ്പിച്ചതാണ്. പക്ഷെ ഹാരി വിൽസൻ, മാർട്ടിൻ വാഗോൺ എന്നിവരുടെ ഗോളിലൂടെ ഡർബി മത്സരം സമനിലയാക്കി.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഡർബി എല്ലാ കിക്കുകളും ഗോളാക്കിയപ്പോൾ സൗത്താംപ്ടൻറെ റെഡ്‌മണ്ട് കിക്ക് പാഴാക്കിയതോടെ ഷൂട്ട് ഔട്ട് 5-3 ന് ഡർബി സ്വന്തമാക്കി.

Exit mobile version