എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ നാണം കെട്ട തോൽവി വഴങ്ങി നിലവിലെ ജേതാക്കളായ ആഴ്സണൽ പുറത്ത്. നോട്ടിങ്ഹാം ഫോറസ്റ്റാണ് ആഴ്സണലിനെ 4-2 ന് തോൽപിച്ചത്. ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി ഇത്. എതിരാളികളെ ചെറുതായി കണ്ട് ദുർബലമായ ടീമിനെ അണിനിരത്തിയ ആർസെൻ വെങ്ങർക്ക് ഏറ്റ തിരിച്ചടികൂടിയായി ഇത്.
എറിക് ലിഷാജിലൂടെ 20 ആം മിനുട്ടിൽ തന്നെ മുന്നിലെത്തി നോട്ടിങ്ഹാം ആഴ്സണലിനെ കരുത്ത് അറിയിച്ചെങ്കിലും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ആഴ്സണലിനായില്ല. 23 ആം മിനുട്ടിൽ മേർട്ടസകറിലൂടെ ആഴ്സണൽ സമനില ഗോൾ നേടിയെങ്കിലും 44 ആം മിനുട്ടിൽ ലിഷാജ് വീണ്ടും നോട്ടിങ്ഹാമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നോട്ടിങ്ഹാം ലീഡ് രണ്ടാക്കി. 79 ആം മിനുട്ടിൽ ഡാനി വെൽബക്ക് ആഴ്സണലിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 85 ആം മിനുട്ടിൽ വീണ്ടും പെനാൽറ്റി വഴങ്ങിയ ആഴ്സണൽ തോൽവി വിളിച്ചു വരുത്തുകയായിരുന്നു. കിക്കെടുത്ത നോട്ടിങ്ഹാം കീറൻ ഡോവൽ ഗോളാക്കിയതോടെ സ്കോർ 4-2. നേരത്തെ ടീമിലെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച വെങ്ങർ യുവ നിരയെയാണ് കളത്തിൽ ഇറക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial