ചരിത്രം തേടിയിറങ്ങുന്ന ക്രിസ്റ്റൽ പാലസും മാഞ്ചസ്റ്റർ സിറ്റിയും ശനിയാഴ്ച വെംബ്ലിയിൽ എഫ്എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടും.
പാലസിനെ സംബന്ധിച്ചിടത്തോളം, അവരുടെ 119 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വലിയ കിരീടം നേടാനുള്ള സുവർണ്ണാവസരമാണിത്. അവർ ഇതിനുമുമ്പ് രണ്ടുതവണ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും കപ്പ് ഉയർത്തിയിട്ടില്ല. ഒലിവർ ഗ്ലാസ്നറുടെ കീഴിൽ ഈ സീസണിൽ, പ്രത്യേകിച്ച് എഫ്എ കപ്പിൽ മികച്ച ഫോമാണ് ഈഗിൾസ് കാഴ്ചവെച്ചത്.

സെമിഫൈനലിൽ അവർ ആസ്റ്റൺ വില്ലയെ 3-0 ന് തോൽപ്പിച്ചു. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ എബെറേച്ചി എസെയാകും പാലസിന് നിർണായ താരം.
പാലസ് വിജയിച്ചാൽ അത് ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പാ ലീഗിന് യോഗ്യത നേടുന്നതിനും കാരണമാകും.
മറുവശത്ത്, പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഒരു കിരീടമില്ലാത്ത സീസൺ ഒഴിവാക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. 2016-17 ന് ശേഷം സിറ്റിക്ക് ഒരു ട്രോഫി പോലുമില്ലാത്ത ഒരു സീസൺ ഉണ്ടായിട്ടില്ല. അവർക്ക് ഇതൊരു കഠിന സീസണായിരുന്നിട്ടും, അവർ അവസാന 10 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ്. പരിക്കിൽ നിന്ന് തിരിച്ചെത്തിയ എർലിംഗ് ഹാളണ്ടും കെവിൻ ഡി ബ്രൂയിനും ആക്രമണത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം ലീഗിൽ സിറ്റി പാലസിനെ 5-2 ന് തോൽപ്പിരുന്നു. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാം.