ഈ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ഫെനർബാഷെയുടെ മൊറോക്കൻ സ്‌ട്രൈക്കർ യൂസഫ് എൻ-നെസിരിയെ സ്വന്തമാക്കാൻ എവർട്ടൺ താല്പര്യം പ്രകടിപ്പിച്ചു. നിലവിൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും താരത്തെ ടീമിലെത്തിക്കാൻ ഔദ്യോഗികമായ നീക്കങ്ങൾ എവർട്ടൺ ആരംഭിച്ചിട്ടുണ്ട്.
ഈ സീസണിൽ ടർക്കിഷ് സൂപ്പർ ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ എൻ-നെസിരി മികച്ച ഫോമിലാണ്. നോട്ടിംഗ്ഹാം ഫോറസ്റ്റും താരത്തിനായി രംഗത്തുണ്ടായിരുന്നുവെങ്കിലും അവർ മറ്റ് താരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചതോടെ എൻ-നെസിരിയെ സ്വന്തമാക്കാനുള്ള ഓട്ടത്തിൽ എവർട്ടൺ മുൻപന്തിയിൽ നിൽക്കുകയാണ്. 2024-ൽ സെവിയ്യയിൽ നിന്ന് ഫെനർബാഷെയിലെത്തിയ ശേഷം 77 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ താരം നേടിയിട്ടുണ്ട്.
താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാനും പിന്നീട് 20 ദശലക്ഷം യൂറോ നൽകി സ്ഥിരമായി സ്വന്തമാക്കാനുമുള്ള (Buy option) ഒരു ഓഫർ എവർട്ടൺ മുന്നോട്ടുവെച്ചതായാണ് സൂചനകൾ.









