യൂറോ കപ്പ് ഒന്നാം സെമി ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടുകയാണ്. മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. ആവേശകരമായ ആദ്യ പകുതിയാണ് ഇന്ന് കാണാൻ ആയത്. തുടക്കത്തിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇപ്പോൾ സ്പെയിൻ മുന്നിൽ നിൽക്കുന്നത്.
തുടക്കം മുതൽ ഇന്ന് നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. എംബപ്പെയുടെ ഒരു അളന്നു മുറിച്ച ക്രോസിന് തലവെച്ച് കോളോ മുവാനി ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. സ്കോർ 1-0.
എന്നാൽ അധികനേരം സ്പെയിൻ പിറകിൽ നിന്നില്ല. 21ആം മിനുട്ടിൽ സ്പെയിന്റെ വണ്ടർ കിഡ് ലമിൻ യമാൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചു. ലയണൽ മെസ്സിയുടെ ലോംഗ് റേഞ്ചറുകളെ ഓർമ്മിപ്പിച്ഛ രീതിയിൽ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 1-1. ഈ ഗോളോടെ 16കാരനായ യമാൽ യൂറോ കപ്പ് സെമിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
ഈ ഗോൾ പിറന്ന് അഞ്ചു മിനുട്ടുകൾക്ക് അകം സ്പെയിൻ അവരുടെ രണ്ടാം ഗോളും നേടി ലീഡ് എടുത്തു. ഇത്തവണ ഡാനിൽ ഓൽമോയുടെ ഷോട്ട് കൗണ്ടേയുടെ ബ്ലോക്കും മറികടന്ന് വലയിൽ എത്തുക ആയിരുന്നു. സ്കോർ 2-1.
ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. ഇനി ആവേശകരമായ ഒരു രണ്ടാം പകുതി കൂടെ കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം.