ഫുട്ബോളിൽ നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ മത്സരാധിക്യം ഉണ്ടെന്ന് സൂചിപ്പിച്ച് വിർജിൽ വാൻ ഡൈക്ക്. ഫ്രാൻസിനെതിരായ യൂറോ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായി പരിശീലകൻ കോമാനോടോപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലിവർപൂൾ താരം. ഇംഗ്ലണ്ടിൽ വലിയ രീതിയിൽ മത്സരാധിക്യം ഉണ്ടെന്ന് തന്നെയാണ് താനടക്കമുള്ള താരങ്ങൾ വിശ്വസിക്കുന്നത് എന്ന് വാൻ ഡൈക്ക് വെളിപ്പെടുത്തി. ഇതിന് തക്ക വരുമാനവും തങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും അതൊരിക്കലും തങ്ങളുടെ ആരോഗ്യത്തിന് പകരമാവില്ലെന്നും താരം ചൂണ്ടിക്കാണിച്ചു.
ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് പറഞ്ഞ വാൻ ഡൈക്ക്, താരങ്ങൾ തന്നെ വിഷയത്തിൽ സംസാരിച്ചു തുടങ്ങണം എന്നും ഇതിനു വേണ്ടിയുള്ള പരിഹാരത്തിന് മുൻകൈ എടുക്കണമെന്നും സൂചിപ്പിച്ചു. ഇത്തവണ നേതർലന്റ്സ് ടീമിൽ പരിക്ക് മൂലം ഡിയോങ്, ബെർഗ്വിസ് അടക്കം നിരവധി താരങ്ങൾ ദേശിയ ടീമിന്റെ ജേഴ്‌സി അണിയാതെ പുറത്താണ്. കൂടാതെ കരുത്തരായ ഫ്രാൻസിനെ നേരിടണം എന്നതും ടീമിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഫ്രാൻസ് താരങ്ങളെക്കാൾ മികച്ച ടീമാണെന്നും അവരെ കീഴടക്കാൻ സാധിച്ചാൽ വലിയ നേട്ടമാവുമെന്നും കോച്ച് റൊണാൾഡ് കോമാൻ പറഞ്ഞു.