ജോർജിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു സ്‌പെയിൻ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ. അക്ഷരാർത്ഥത്തിൽ തങ്ങൾ തന്നെയാണ് ടൂർണമെന്റ് നേടാൻ ഏറ്റവും അർഹരായവർ എന്നു വിളിച്ചു പറയുന്ന പ്രകടനം ആണ് സ്‌പെയിൻ ഇന്ന് നടത്തിയത്. സ്പാനിഷ് ഗോളുകൾ നാലിൽ ഒതുകിയത് ജോർജിയ ഗോൾ കീപ്പറുടെ അതുഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ്. 30 തിൽ അധികം ഷോട്ടുകൾ ഉതിർത്ത സ്പെയിനിന് എതിരെ മികച്ച എണ്ണം പറഞ്ഞ സേവുകൾ ആണ് ജോർജിയ ഗോൾ കീപ്പർ നടത്തിയത്. മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി ജോർജിയ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. സ്പെയിനിന് പന്ത് നൽകി കൗണ്ടർ അറ്റാക്കിൽ ഗോൾ നേടാനുള്ള ജോർജിയ ശ്രമം 18 മിനിറ്റിൽ ഫലം കണ്ടു.
മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു മിക്കാന്തസയുടെ മികച്ച ക്രോസ് നോർമാണ്ടിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ സെൽഫ് ഗോൾ ബലത്തിൽ ജോർജിയ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ആർത്ത് വരുന്ന സ്പാനിഷ് മുന്നേറ്റത്തെ ആണ് കാണാൻ ആയത്. ഒരു ഭാഗത്ത് ലമിൻ യമാലും മറുപുറത്ത് നിക്കോ വില്യംസും കൂടി ജോർജിയൻ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചു. ഇടക്ക് ജോർജിയ കൗണ്ടർ അറ്റാക്കിനും ശ്രമിച്ചു. തുടർച്ചയായ സേവുകൾക്ക് ശേഷം 39 മത്തെ മിനിറ്റിൽ സ്‌പെയിൻ സമനില ഗോൾ കണ്ടെത്തി. നിക്കോ വില്യംസിന്റെ പാസിൽ നിന്നു ഉഗ്രൻ ലോങ് റേഞ്ച് ഷോട്ടിൽ നിന്നു റോഡ്രി സ്‌പെയിനിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടർന്ന് കണ്ടത് സ്പാനിഷ് ആധിപത്യം ആയിരുന്നു. ഇടക്ക് കയറി നിന്ന ഉനയ് സൈമണിനെ മറികടക്കാനുള്ള കവരെയുടെ ശ്രമവും കണ്ടു.
യമാലും നിക്കോ വില്യംസും തകർത്ത് ആടിയപ്പോൾ ജോർജിയൻ പ്രതിരോധം ആടി ഉലഞ്ഞു. 51 മത്തെ മിനിറ്റിൽ യമാലിന്റെ അതിമനോഹരമായ അളന്നു മുറിച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഫാബിയൻ റൂയിസ് സ്‌പെയിനിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. തുടർന്ന് വീണ്ടും ഗോളിനായി സ്‌പെയിൻ മുന്നേറ്റം ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ജോർജിയ പോരാട്ടം തുടർന്നു. എന്നാൽ 75 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു നിക്കോ വില്യംസ് നേടിയ ഉഗ്രൻ ഗോൾ സ്പാനിഷ് ജയം ഉറപ്പിച്ചു. സ്വന്തം ഹാഫിള് നിന്നു പന്തുമായി ഓടി അതുഗ്രൻ ഷോട്ടിലൂടെയാണ് നിക്കോ ഗോൾ നേടിയത്. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിഖേലിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ മറ്റൊരു പകരക്കാരൻ ഡാനി ഓൽമ സ്പാനിഷ് ജയം പൂർത്തിയാക്കുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജർമ്മനിയെ ആണ് സ്‌പെയിൻ നേരിടുക. മുൻ യൂറോ കപ്പ്, ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാൻ ഫുട്‌ബോൾ ലോകം കാത്തിരിക്കുകയാണ്.