ഇംഗ്ലണ്ട് സെമി ഫൈനൽ വര കടന്നു പോകേണ്ട സമയമായെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ. ഇന്നലെ യുക്രൈനെ തോൽപ്പിച്ച് കൊണ്ട് യൂറോ സെമിയിലേക്ക് മുന്നേറിയ ശേഷം സംസാരിക്കുക ആയിരുന്നു ഹാരി കെയ്ൻ. കഴിഞ്ഞ ലോകകപ്പിൽ നാഷൺസ് ലീഗിലും ഇംഗ്ലണ്ട് സെമിയിൽ പരാജയപ്പെട്ടിരുന്നു. ഇനി സെമിയിൽ ഡെന്മാർക്കിനെ ആണ് ഇംഗ്ലണ്ട് നേരിടേണ്ടത്. ഇംഗ്ലണ്ട് താരങ്ങൾ വലിയ മത്സരങ്ങൾ കളിച്ച് ശീലമുള്ളവർ ആണെന്നും അതുകൊണ്ട് ഭയമില്ല എന്നും കെയ്ൻ പറയുന്നു.
“ഞങ്ങൾ ഞങ്ങളുടെ ക്ലബ്ബുകൾക്കായി വലിയ മത്സരങ്ങൾ കളിക്കുന്നവരാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലുകൾ, പ്രീമിയർ ലീഗ് ടൈറ്റിൽ റേസുകൾ ഇതിന്റെ ഒക്കെ ഭാഗമായവരാൺ . ഇംഗ്ലണ്ട് ഇപ്പോൾ ശരിയായ പാതയിലാണ്,” കെയ്ൻ പറഞ്ഞു.
” കഴിഞ്ഞ ലോകകപ്പ് തങ്ങൾക്ക് മികച്ചതായിരുന്നു, പക്ഷേ എന്നിട്ടും ലക്ഷ്യത്തിന് കുറച്ച് പിറകിലായിപ്പോയി, ഞങ്ങൾക്ക് നേഷൻസ് ലീഗിലും ഇതുപോലൊരു സെമി ഫൈനൽ ഉണ്ടായിരുന്നു, ഇനി സെമി ഫൈനൽ എന്ന കടമ്പ കടക്കണം. അതാണ് ബുധനാഴ്ച ഞങ്ങൾക്ക് ചെയ്യേണ്ടത്.” – കെയ്ൻ പറയുന്നു.
തന്നെക്കുറിച്ചും തന്റെ പ്രകടനങ്ങളെക്കുറിച്ചും ഗ്രൂപ്പ് ഘട്ടത്തിൽ ധാരാളം സംസാരമുണ്ടായിരുന്നു, പക്ഷേ താൻ അതിന് വൊലകൊടുത്തില്ല എന്നും തന്റെ ശ്രദ്ധ എല്ലായ്പ്പോഴും അടുത്ത കളിയിലാണ് എന്നും കെയ്ൻ പറഞ്ഞു