യൂറോ കപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ഇന്ന് റൊമാനിയക്ക് ആവേശകരമായ വിജയം. ഉക്രൈനെ നേരിട്ട റൊമാനിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. റൊമാനിയ ഇന്ന് സ്കോർ ചെയ്ത മൂന്ന് ഗോളുകളിൽ 2 എണ്ണം അതി ഗംഭീരമായിരുന്നു.
മത്സരത്തിന്റെ 29ആം മിനുട്ടിൽ നികോളെ സ്റ്റാൻസിയുവിന്റെ വണ്ടർ ഗോളാണ് റൊമാനിയക്ക് ലീഡ് നൽകിയത്. താരത്തിന്റെ കേർളിംഗ് സ്ട്രൈക്ക് തൊടാൻ പോലും ഉക്രൈൻ കീപ്പർ ലുനിന് ആയില്ല. ആദ്യ പകുതി അവർ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ റസ്വിൻ മാരിനിലൂടെ റൊമാനിയ ലീഡ് ഇരട്ടിയാക്കി. ഇത്തവണയും ഒരു ലോംഗ് റേഞ്ചർ ആണ് ലുനിനെ കീഴ്പ്പെടുത്തിയത്. മികച്ച സ്ട്രൈക്ക് ആയിരുന്നു എങ്കിലും ലുനിന് സേവ് ചെയ്യാനാകുമായിരുന്ന ഡിസ്റ്റൻസിലായിരുന്നു ഈ ഷോട്ട്. പക്ഷെ റയലിന്റെ കീപ്പറിന്റെ ഷോട്ട് കൃത്യമായി ജഡ്ജ് ചെയ്യാൻ ആയില്ല.
57ആം മിനുട്ടിൽ ഡെനിസ് ഡ്രാഗസ് കൂടെ ഗോൾ നേടിയതോടെ റൊമാനിയയുടെ വിജയൻ ഉറപ്പായി. ഈ വിജയത്തോടെ റൊമാനിയ ഗ്രൂപ്പ് ഘട്ടം മൂന്ന് പോയിന്റുമായി ആരംഭിച്ചു. ഇനി ബെൽജിയവും സ്ലൊവാക്യയും ആണ് ഗ്രൂപിയിൽ ഉള്ള മറ്റു ടീമുകൾ.