ചരിത്രമെഴുത്തി റയൽ മാഡ്രിഡിന്റെ സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസ്. സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരങ്ങളിലൊരാളായി മാറി റാമോസ് ഇപ്പോൾ. റയലിന്റെ ഇതിഹാസ താരം ഇകർ കസിയസിന്റെ റെക്കോർഡിനൊപ്പമാണ് റാമോസിപ്പോളുള്ളത്. ഇരു താരങ്ങളും സ്പെയിന് വേണ്ടി 167 മത്സരങ്ങൾ കളിച്ചു.
കസിയസിന്റെ റെക്കോർഡ് മറികടക്കുന്നതിനൊപ്പം തന്നെ സ്പെയിനിനു വേണ്ടി 200മത്സരങ്ങൾ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റാമോസ് മത്സരശേഷം പറഞ്ഞു. മറ്റൊരു റെക്കോർഡ് കൂടെ റാമോസിനായി കാത്തിരിക്കുന്നുണ്ട്. സ്പെയിനിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന പ്രതിരോധ താരമെന്ന റെക്കോർഡാണത്. 22 ഗോളുകളുമായി അൽബർട്ടോ പസ്സരെയയാണ് ഈ നേട്ടത്തിനുടമ. 21 ഗോളുകൾ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി നേടിക്കഴിഞ്ഞു റാമോസിപ്പോൾ. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയിച്ച സ്പെയിൻ ഇനി നോർവയേയും സ്വീഡനേയും യൂറോ യോഗ്യത മത്സരങ്ങളിൽ നേരിടും.