നെതർലന്റ്സ് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് റൊമാനിയയെ നേരിട്ട നെതർലന്റ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ച നെതർലന്റ്സ് മൂന്ന് ഗോൾ മാത്രമേ അടിച്ചുള്ളൂ എന്നത് മാത്രമെ അവർക്ക് ഇന്ന് നിരാശയായി ഉണ്ടാകൂ.
ഇന്ന് തുടക്കം മുതൽ ഇരു ടീമുകളും അറ്റാക്ക് ചെയ്ത് തന്നെയാണ് കളിച്ചത്. 20ആം മിനുട്ടിൽ ആണ് നെതർലന്റ്സ് ലീഡെടുത്തത്. സാവി സിമൺസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ കോഡി ഗാക്പോയൂടെ ഷോട്ട് നിയർ പോസ്റ്റിൽ റൊമാനിയൻ ഗോൾകീപ്പറെ വീഴ്ത്തുക ആയിരുന്നു. സ്കോർ 1-0.
രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ ഗാക്പോ പന്ത് വലയിൽ എത്തിച്ചു എങ്കിലും വാർ അത് ഓഫ്സൈഡ് ആണെന്ന് വിധിച്ചു. പിന്നീടും ഒരുപാട് അവസരങ്ങൾ വന്നു. അവസാനം മാലെൻ നെതർലന്റ്സിന്റെ രണ്ടാം ഗോൾ നേടി. ഗാക്പോയുടെ മികച്ച അസിസ്റ്റിൽ നിന്ന് ആയിരുന്നു ഈ ഗോൾ. സ്കോർ 2-0.
ഇഞ്ച്വറി ടൈമിൽ മാലെൻ ഒരു ഗോൾ കൂടെ നേടി. ഈ ഗോൾ കൂടെ പിറന്നതോടെ നെതർലന്റ്സിന്റെ വിജയം ഉറപ്പായി.
ഓസ്ട്രിയയും തുർക്കിയും തമ്മിലുള്ള പ്രീക്വാർട്ടറിലെ വിജയികളെ ആകും നെതർലന്റ്സ് ക്വാർട്ടർ ഫൈനലിൽ നേരിടുക.