യൂറോ കപ്പിൽ ഇന്ന് ഗ്രൂപ്പ് നടന്ന മത്സരത്തിൽ സ്വിറ്റ്സർലാന്റ് ഹംഗറിയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വിറ്റ്സർലാന്റ് വിജയിച്ചത്. സ്വിറ്റ്സർലാൻഡ് ഇന്ന് ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹംഗറിക്ക് ഒരു അവസരങ്ങളും സ്വിറ്റ്സർലൻഡ് ആദ്യ പകുതിയിൽ നൽകിയില്ല.
പന്ത്രണ്ടാം മിനിറ്റിൽ ക്വാസോ ദുഅയിലൂടെ ആണ് സ്വിറ്റ്സർലാൻഡിന് ലീഡ് നൽകിയത് ഐബിഷറിന്റെ പാസിൽ നിന്നായിരുന്നു ദുഅയുടെ ഗോൾ. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. പിന്നീട് ആദ്യ പകുതിയുടെ അവസാനം പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു സുന്ദരൻ ഷോട്ടിൽ ഐബിഷർ സ്വിസർലാൻഡിന്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ ഹംഗറിയെ കുറച്ചുകൂടെ മെച്ചപ്പെട്ട പ്രകടനം നടത്തി. അവർ ഒന്നു രണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചു. അവസാനം 66ആം മിനിറ്റിൽ വാർഗയിലൂടെ ഹംഗറി ഒരു ഗോൾ മടക്കി. സബോസ്ലായി നൽകിയ ഒരു മനോഹരമായ ക്രോസിൽ നിന്നായിരുന്നു വർഗയുടെ ഹെഡർ. ഇത് അവസാന നിമിഷങ്ങളിൽ കളി ആവേശകരമാക്കി.
ഇഞ്ച്വറി ടൈമിൽ എംബോളോ സ്വിറ്റ്സർലാന്റിനായി മൂന്നാം ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു. ഇനി അടുത്ത മത്സരത്തിൽ സ്വിറ്റ്സർലാന്റ് സ്കോട്ലൻഡിനെയും ഹംഗറി ജർമ്മനിയെയും നേരിടും.