വരുന്ന ശനിയാഴ്ച ഓസ്ട്രിയയ്‌ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിന് ഇറ്റലി ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം ഡിഫൻഡർമാരായ അലസ്സാൻഡ്രോ ഫ്ലോറൻസിയും ജോർജിയോ കിയെലിനിയും ഉണ്ടാകില്ല. ഇരുവരുടെയും പരിക്ക് മാറിയില്ല എന്നാണ് സ്കൈ സ്‌പോർട്ട് ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26ന് വെംബ്ലിയിൽ വെച്ചാണ് പ്രീക്വാർട്ടർ പോരാട്ടം നടക്കുന്നത്. ഇരു താരങ്ങളും ഇതുവരെ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു ഇറ്റലി ക്യാപ്റ്റൻ ജോർജിയോ ചിയേലിനിക്ക് തുടയ്ക്ക് പരിക്കേറ്റത്. 36 വയസുകാരൻ സുഖം പ്രാപിക്കാൻ സമയമെടുക്കും. ഫ്രാൻസെസ്കോ അസർബി ആകും ബൊണൂചിക്ക് ഒപ്പം ഓസ്ട്രിയ മത്സരത്തിൽ ഇറങ്ങുക. തുർക്കിക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ ഫ്ലോറൻസിക്ക് കാഫ് ഇഞ്ച്വറി ആണ്. ഗ്രൂപ്പിൽ എയിൽ ഒന്നാമതെത്തിയ റോബർട്ടോ മാൻസിനിയുടെ ഇറ്റലി മൂന്നിൽ നിന്ന് മൂന്ന് വിജയങ്ങൾ നേടിയിരുന്നു. ഏഴ് ഗോളുകൾ നേടിയ അവർ ഗോളൊന്നും വഴങ്ങിയിട്ടില്ല.













