യൂറോ കപ്പിൽ നോക്കൗട്ട് ലക്ഷ്യം വെച്ചിറങ്ങുന്ന ജർമ്മനിക്ക് തിരിച്ചടി. ജർമ്മൻ താരമായ തോമസ് മുള്ളറിന് പരിക്ക്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹംഗറിക്കെതിരായ ജർമ്മനിയുടെ നിർണായക മത്സരം മുള്ളറിന് നഷ്ടമാകും. കാൽ മുട്ടിന് പരിക്കേറ്റതാണ് തോമസ് മുള്ളറിന് തിരിച്ചടിയായത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തോമസ് മുള്ളർ, ഗുണ്ടോകൻ,ക്ലോസ്റ്റർമാൻ, ഹമ്മൽസ് എന്നിവർ ട്രെയിനിംഗിനായി ഇന്ന് കളത്തിലിറങ്ങില്ലെന്ന് അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് ജർമ്മൻ ക്യാമ്പിൽ നിന്നും മുള്ളറിന് പരിക്കേറ്റ വാർത്ത വരുന്നത്. 31കാരനായ മുള്ളറാണ് ജർമ്മനിയുടെ യൂറോ കപ്പിലെ അക്രമണനിരക്ക് ചുക്കാൻ പിടിക്കുന്നത്. 2018ലെ ലോകകപ്പിന് ശേഷം ജർമ്മൻ ദേശീയ ടീമിന് പുറത്തിരുന്ന മുള്ളർ യൂറോ കപ്പിലൂടെയാണ് തീരിച്ച് വരുന്നത്. ബയേൺ മ്യൂണിക്കിന്റെ, റെക്കോർഡുകൾ പഴങ്കഥയാക്കിയ ആറ് കിരിടങ്ങളുമായുള്ള കുതിപ്പാണ് മുള്ളറിനെ തിരികെ ടീമിലെത്തിക്കുന്നത്.