യൂറോ കപ്പ് യോഗ്യാത മത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. പിന്നിൽ തിരിച്ച് വന്നാണ് ത്രീ ലയൺസ് മികച്ച ജയം നേടിയത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ ഫുട്ബോൾ ആരാധകർക്കൊരു വിരുന്നൊരുക്കാൻ കൊസോവയ്ക്കും ഇംഗ്ലണ്ടിനുമായി. ഇരട്ട ഗോളുകളുമായി ജേഡൻ സാഞ്ചോയും മൂന്ന് അസിസ്റ്റുകളുമായി റഹീം സ്റ്റെർലിംഗും ഇംഗ്ലണ്ടിന്റെ ജയത്തിന് ചുക്കാൻ പിടിച്ചു.
വലോൻ ബെരിഷയുടെ 34 ആം സെക്കന്റിലെ ഗോൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും തിരിച്ച് വന്നാണ് ഗാരെത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തിയത്. കൊസോവയ്ക്ക് വേണ്ടി ബെരിഷ ഇരട്ട ഗോളുകൾ നേടിയപ്പോൾ മുരിഖി രണ്ടാം പകുതിയിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റെർലിംഗും കെയ്നും ഗോളടിച്ചപ്പോൾ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ ഒരു പെനാൽറ്റി നഷ്ടമാക്കുകയും ചെയ്തു.