യൂറോ കപ്പ് 2024ൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന സമനില തുടർന്ന കളിയിൽ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചത്. ഇനി സെമി ഫൈനലിൽ നെതർലന്റ്സോ തുർക്കിയോ ആകും സൗത്ത് ഗേറ്റിന്റെ ടീമിന്റെ എതിരാളികൾ.
ഈ ടൂർണമെന്റിൽ ഉടനീളം എന്ന പോലെ ദയനീയമായ ഫുട്ബോൾ ആണ് ഇന്നും ഇംഗ്ലണ്ട് കളിച്ചത്. ഒരു ക്രിയേറ്റിവിറ്റും കാണിക്കാത്ത ഇംഗ്ലണ്ട് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ പ്രയാസപ്പെട്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം സ്വിറ്റ്സർലാന്റ് കൂടുതൽ മെച്ചപ്പെട്ട നീക്കങ്ങൾ നടത്താൻ തുടങ്ങി.
അവരുടെ പ്രയത്നങ്ങൾ അവസാനം 75ആം മിനുട്ടിൽ ഫലം ലഭിച്ചു. എംബോളോയിലൂടെ അവർ ലീഡ് എടുത്തു. സ്കോർ 1-0. ഇതിനു ശേഷം ആണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത്. 80ആം മിനുട്ടിൽ ബുകായോ സാക ഇംഗ്ലണ്ടിന് സമനില നൽകി. മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു സാകയുടെ ഫിനിഷ്. സ്കോർ 1-1.
നിശ്ചിത സമയത്ത് ഫൈനൽ വിസിൽ വരുന്നത് വരെ സ്കോർ 1-1 എന്ന തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഡക്ലൻ റൈസിന്റെ ഒരു ലോംഗ് റേഞ്ച് ശ്രമം മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളി സമനിലയിൽ തുടർന്നു. മത്സരത്തിന്റെ 117ആം മിനുട്ടിൽ ഷഖീരിയുടെ ഒരു കോർണർ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. ഇതിനു ശേഷവും രണ്ട് വലിയ അവസരങ്ങൾ സ്വിറ്റ്സർലാന്റിന് ലഭിച്ചു. പക്ഷെ പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷനായത് കൊണ്ട് സ്കോർ മാറിയില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.
പാൽമർ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ കിക്ക് എടുത്തത്. അനായാസം താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. അകാഞ്ചി ആണ് സ്വിറ്റ്സർലാന്റിന്റെ ആദ്യ കിക്ക് എടുത്തത് അകാഞ്ചിയുടെ കിക്ക് പിക്ക്ഫോർഡ് തടഞ്ഞു. സ്കോർ 1-0.
ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് എടുത്ത ജൂഡിനും പിഴച്ചില്ല. ഷാർ എടുത്ത സ്വിറ്റ്സർലാന്റ് കിക്കും വലയിൽ. സ്കോർ 2-1.ഇംഗ്ലണ്ടിന്റെ അടുത്ത കിക്ക് എടുത്ത സാകയും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലാന്റിമായി ഷഖീരിയും വല കണ്ടു. സ്കോർ 3-2.
ഐവൻ ടോണി എടുത്ത ഇംഗ്ലണ്ടിന്റെ നാലാം കിക്കും വലയിൽ. ആന്റോണി എടുത്ത സ്വിറ്റ്സർലാന്റ് കിക്കും ലക്ഷ്യത്തിൽ. സ്കോർ 4-3. അടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ട്രെന്റ് അർനോൾഡ് ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് എത്തിച്ചു.