യൂറോ കപ്പ് 2024 ടൂർണമെന്റിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ. ഇന്ന് പ്രീക്വാർട്ടറിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവാക്യയെ 2-1ന് തോൽപ്പിച്ച് ആണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് മുന്നേറിയത്. 95ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ തിരിച്ചുവർ.
ഇന്ന് മത്സരത്തിന്റെ 35ആം മിനുട്ടിൽ ഇവാൻ ശ്രാൻസിലൂടെ ആണ് സ്ലൊവാക്യ ലീഡ് നേടിയത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാം ഗോളാണ് ഇത്. ഇതിനു ശേഷവും ഇംഗ്ലണ്ട് അറ്റാക്ക് ശക്തിപ്പെടുത്താൻ ആകാതെ പ്രയാസപ്പെട്ടു.
കളിയുടെ അമ്പതാം മിനുട്ടിൽ ഫോഡനിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തെങ്കിലും അത് ഓഫ്സൈഡ് വിളിക്കപ്പെട്ടു.
ഡക്ലൻ റൈസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ഇംഗ്ലണ്ട് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും അവർക്ക് ആദ്യ 90 മിനുട്ടിൽ ആയില്ല. അവസാനം പരാജയത്തിലേക്ക് ആണെന്ന് കരുതിയ 96ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ രക്ഷകനായി.
ഒരു ബൈസൈക്കിൾ കിക്കിലൂടെ ആണ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില നൽകിയത്. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി കളിയിൽ ലീഡ് എടുത്തു. ഒരു ഹെഡറിലൂടെ ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. മിനുട്ടുകൾക്ക് അകം എല്ലാം മാറിമറഞ്ഞ അവസ്ഥ.
പിന്നീട് ഡിഫൻസിൽ ഊന്നി കളിച്ച ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അവർ ക്വാർട്ടർ ഫൈനലിൽ എത്തി. ഇനി അവർ സ്വിറ്റ്സർലാന്റിനെ ആകും നേരിടുക.