യൂറോ കപ്പിൽ ഓസ്ട്രിയക്ക് നിർണായക വിജയം. ഇന്ന് പോളണ്ടിനെ നേരിട്ട ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. പരിശീലകൻ റാൾഫ് റാഗ്നികിന്റെ ടാക്ടിക്സ് കൃത്യമായി പ്രവർത്തിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കൊണ്ട് കീഴടങ്ങിയ ഓസ്ട്രിയ ഇന്ന് അർഹിച്ച വിജയം തന്നെ നേടി. രണ്ട് മത്സരങ്ങളും തോറ്റ പോളണ്ട് ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന് വക്കിലാണ്.
ഇന്ന് തുടക്കം മുതൽ മികച്ച ഫുട്ബോൾ ആണ് ഓസ്ട്രിയ കളിച്ചത്. 9ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ട്രോണർ ഓസ്ട്രിയക്ക് ലീഡ് നൽകി. 30ആം മിനുട്ടിൽ പിയറ്റെകിലൂടെ പോളണ്ട് സമനില നേടി. ഇതോടെ കളി ആവേശകരമായി.
രണ്ടാം പകുതിയിൽ തുടരെ ആക്രമണങ്ങൾ നടത്തിയ ഓസ്ട്രിയ 66ആം മിനുട്ടിൽ ബോംഗ്രാറ്റ്നറിലൂടെ ലീഡ് തിരിച്ചുപിടിച്ചു. 78ആം മിനുട്ടിൽ സബിറ്റ്സറിനെ ഗോൾകീപ്പർ ചെസ്നി വീഴ്ത്തിയതിന് ഓസ്ട്രിയക്ക് ഒരു പെനാൾട്ടി ലഭിച്ചു. പെനാൾട്ടി അർണോടവിച് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-1.
ഈ വിജയത്തോടെ ഓസ്ട്രിയയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമായി. അവസാന മത്സരത്തിൽ ഓസ്ട്രിയ നെതർലന്റ്സിനെ ആകും നേരിടേണ്ടത്.