യൂറോ കപ്പിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ തുർക്കി ജോർജിയയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ന് തുർക്കിയുടെ വിജയം. രണ്ടു മനോഹരമായ ഗോളുകളാണ് തുർക്കിയുടെ വിജയം ഒരുക്കിയത്. ഇതിൽ 19കാരനായ ആർദ ഗൂളർ നേടിയ ഗോൾ ഈ ടൂർണമെൻറ് കണ്ട, കാണാൻ പോകുന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരിക്കും.
മത്സരത്തിന്റെ 25 മിനിട്ടിലാണ് തുർക്കി ലീഡ് എടുത്തത്. അവരുടെ റൈറ്റ് ബാക്ക് ആയ മുൽദുറിന്റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ഒരു വോളിയാണ് തുർക്കിക്ക് ലീഡ് നൽകിയത്. ഈ ഗോൾ വന്നു തൊട്ടടുത്ത മിനിറ്റിൽ തന്നെ യിൽഡിസിലൂടെ തുർക്കി രണ്ടാം ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടു.
32ആം മിനിറ്റിൽ ജോർജിയെ സമനില പിടിച്ചു. മികോടദ്സെയുടെ ഒരു ഷോട്ട് ഗോൾകീപ്പറെ കീഴ്പ്പെടുത്തുകയായിരുന്നു. ഗോൾകീപ്പർക്ക് സേവ് ചെയ്യാമായിരുന്ന ഒരു ഷോട്ട് ആയിരുന്നു അത്. അതിനുശേഷം ഇരു ടീമുകളും ആക്രമിച്ചു തന്നെ കളിച്ചു. യൂറോകപ്പിലെ ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. അത്ര മികച്ച നീക്കങ്ങൾ ഇന്ന് കളിയിൽ പിറന്നു.
രണ്ടാം പകുതിയിൽ 65 മിനിട്ടിലാണ് തുർക്കിയുടെ വിജയഗോൾ വന്നത്. അവരുടെ യുവതാരം 25 വാരെ അകലെ നിന്നു തൊടുത്ത ഒരു ഷോട്ട് കേർൾ ചെയ്തു വലയിലേക്ക് വീഴുകയായിരുന്നു. റയൽ മാഡ്രിഡ് താരത്തിന്റെ ഈ ഗോൾ തുർക്കിയുടെ വിജയം ഉറപ്പിച്ചു ഇതിനുശേഷവും തുർക്കിക്ക് നല്ല അവസരം കിട്ടിയിരുന്നെങ്കിലും ജോർജിയയുടെ ഗോൾകീപ്പറുടെ മികവ് സ്കോർ 2-1ൽ നിലനിർത്തി.
അവസാനം ജോർജിയ തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ഗോൾകീപ്പർ വരെ ഗോളടിക്കാൻ പോയ സമയത്ത് അക്തുകൊഗ്ലു ഒരു കൗണ്ടർ അറ്റാക്കിലൂടെ നേടിയ ഗോളിൽ തുർക്കി ജയം ഉറപ്പിച്ചു. പോർച്ചുഗലും ചെക്ക് റിപബ്ലിക്കും ആണ് ഈ ഗ്രൂപ്പിലെ ബാക്കി രണ്ടു ടീമുകൾ.