ലോകകപ്പ് യോഗ്യതമത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗാരെത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് അണ്ടോറയെ പരാജയപ്പെടുത്തിയത്. ബെൻ ചിൽവെല്ലും ജാക്ക് ഗ്രേയ്ലിഷും ഇംഗ്ലണ്ട് ദേശീയ ടീമിനായി ഇന്ന് കന്നി ഗോളുകൾ നേടി. ബുകയോ സക,ടാമി അബ്രഹാം,ജെയിംസ് വാർഡ്-പ്രൗസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. ജേഡൻ സാഞ്ചോയുടെ മിന്നും പ്രകടനവും ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു.
വാറിന്റെ ഇടപെടൽ സമയം കൊല്ലിയായെങ്കിലും 17ആം മിനുട്ടിൽ ചിൽവെല്ലിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി. ഫിൽ ഫോഡൻ – സക ദ്വയത്തിന്റെ മികച്ച പ്രകടനത്തിലൂടെയാണ് രണ്ടാം ഗോൾ പിറന്നത്. ഇന്നത്തെ മത്സരത്തിൽ ഫോഡന്റെ മികവും എടുത്ത് പറയേണ്ടതാണ്. 59ആം മിനുട്ടിൽ ടാമിയുടെ ഗോൾ പിറന്നു, വഴിയൊരുക്കിയത് സാഞ്ചോയായിരുന്നു. ഗ്രേയ്ലിഷിനെ റുബിയോ ബോക്സിൽ വീഴ്ത്തിയത് വഴി ലഭിച്ച പെനാൽറ്റി ആദ്യ ശ്രമത്തിൽ ജെയിംസ് വാർഡ് – പ്രോസ് നഷ്ടപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ ലക്ഷ്യം കണ്ടു. സാം ജോൺസ്റ്റോണീന്റെ ത്രോയിൽ നിന്ന് ഗ്രെയ്ലിഷ് അഞ്ചാം ഗോളും നേടി. ഗ്രൂപ്പ് ഐയിൽ അജ്ജയ്യരായി തുടരുകയാണ് ഇപ്പോൾ ഇംഗ്ലണ്ട്.