ആഫ്രിക്കൻ രാജ്യം ആയ നൈജീരിയയിൽ പോലീസ് നടത്തുന്ന ക്രൂരതക്ക് എതിരെ പ്രതിഷേധശബ്ദം ഉയർത്തി പ്രമുഖ ഫുട്ബോൾ താരങ്ങൾ. ആഴ്സണലിന്റെ മെസ്യുട്ട് ഓസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റാഷ്ഫോർഡ്, ചെൽസി താരങ്ങൾ ആയ ടാമി എബ്രഹാം, അന്റോണിയോ റൂഡിഗർ, എവർട്ടൺ താരവും നൈജീരിക്കാരനും ആയ അലക്‌സ് ഇയോബി, സാന്റി ഗോമസ് എന്നിവർക്ക് ഒപ്പം ഇതിഹാസ താരങ്ങൾ ആയ റിയോ ഫെർഡിനാന്റ്, ഇയാൻ റൈറ്റ് എന്നിവരും തങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
നൈജീരിയൻ പോലീസിന്റെ ഒരു സേനാ വിഭാഗം ആയ മോഷണ വിരുദ്ധ സംഘം എന്ന സാർസ് നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ ആണ് ലോക വ്യാപകമായി ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവാൻ കാരണം. സാർസ് കഴിഞ്ഞ കുറെ വർഷങ്ങളായി നൈജീരിയയിൽ സർക്കാർ പിന്തുണയോടെ നാട്ടുകാർക്ക് എതിരെ ജനാധിപത്യവിരുദ്ധമായി അതിക്രൂരമായ അക്രമണങ്ങൾ ആണ് നടത്തിയത്. പലപ്പോഴും പലരും സാർസിനാൽ കാണാതെ പോവുകയും കൊല്ലപ്പെടുകയും ചെയ്തു കൊണ്ടേയിരുന്നു. അതിനെതിരെ സാർസ് സേന പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് നിലവിൽ വലിയ പ്രതിഷേധം ആണ് നൈജീരിയയിൽ ഇപ്പോൾ ഉയരുന്നത്. പലപ്പോഴും ഈ പ്രതിഷേധങ്ങളും വലിയ അടിച്ചമർത്തലുകൾ ആണ് നേരിടുന്നത്. ജനങ്ങൾക്ക് ആയുള്ള താരങ്ങളുടെ പിന്തുണ നൈജീരിയൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തും എന്നുറപ്പാണ്.