ഐഎസ്എൽ 2025-26 സീസണിൽ തങ്ങളുടെ മുന്നേറ്റനിര ശക്തമാക്കുന്നതിനായി സ്പാനിഷ് സെന്റർ ഫോർവേഡ് യൂസഫ് എസെജ്ജാരിയെ ഈസ്റ്റ് ബംഗാൾ എഫ്സി ടീമിലെത്തിച്ചു. സിംഗപ്പൂർ പ്രീമിയർ ലീഗ് ക്ലബ്ബായ ടാൻജോങ് പാഗർ യുണൈറ്റഡിൽ നിന്നാണ് ഗോൾ അടിച്ചുുകൂട്ടുന്നതിൽ പ്രശസ്തനായ ഈ താരം കൊൽക്കത്തൻ ക്ലബ്ബിലേക്ക് എത്തുന്നത്.
ഈ മാസം ആദ്യം ക്ലബ്ബ് വിട്ട ഹിറോഷി ഇബുസുകിക്ക് പകരക്കാരനായാണ് 32-കാരനായ ഈ താരം ചുവപ്പും മഞ്ഞയും കുപ്പായമണിയുക. മൊറോക്കൻ വംശജനായ എസെജ്ജാരി ഇതിനോടകം തന്നെ വിസ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സീസൺ അവസാനം വരെയുള്ള കരാറിൽ വരും ദിവസങ്ങളിൽ തന്നെ ഔദ്യോഗികമായി ഒപ്പുവെക്കും.
മികച്ച ഫോമിൽ കളിക്കുന്ന താരം ടാൻജോങ് പാഗറിനായി കളിച്ച അവസാന ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ഇൻഡോനേഷ്യൻ ലീഗിൽ പെർസിക് കെദിരിക്കായി 32 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും കംബോഡിയൻ ക്ലബ്ബായ വിസാഖ എഫ്സിക്കായി 11 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും നേടി ഏഷ്യൻ ലീഗുകളിൽ തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
മുന്നേറ്റനിരയിലെ പ്രധാന താരങ്ങളെ നഷ്ടപ്പെട്ട ഈസ്റ്റ് ബംഗാളിന് എസെജ്ജാരിയുടെ വരവ് വലിയ ആശ്വാസമാണ് നൽകുന്നത്.









