കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ പുതിയ സൈനിംഗ് ആയ മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞു.
“കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതിൽ അത്യധികം സന്തോഷമുണ്ട്” ദൂസാൻ ലഗാറ്റോർ പറഞ്ഞു.
“ക്ലബ് മുന്നോട്ട് വയ്ക്കുന്ന പ്രോജക്ടുകളും ദീർഘവീക്ഷണവും പ്രതീക്ഷ നല്കുന്നതാണ്. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണ്.” – ലഗാറ്റോർ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരൻ സ്ക്വാഡിലേക്കെത്തുന്നത്. അണ്ടർ 19, അണ്ടർ 21, സീനിയർ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
2011-ൽ മോണ്ടെനെഗ്രൻ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് താരം പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്. കരിയറിൽ 10 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം താരം ഉടൻ ചേരും.