ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ തിരിച്ചു വരവോടെ തകർപ്പൻ ജയം സ്വന്തമാക്കി മോഹൻ ബഗാൻ. ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതി എഫ്സി ഗോവയെയാണ് അവർ കീഴടക്കിയത്. ജേസൻ കമ്മിൻസ്, സദിഖു എന്നിവർ ബഗാന് വേണ്ടി വല കുലുക്കി. നോവ സദോയി ആണ് ഗോവയുടെ ഏക ഗോൾ കണ്ടെത്തിയത്. നേരത്തെ ഈസ്റ്റ് ബംഗാളും ഫൈനലിൽ എത്തിയിരുന്നു. ഇതോടെ കലാശപോരാട്ടത്തിൽ കൊൽക്കത്ത ഡെർബി ആണ് ആരാധകർക്ക് മുന്നിൽ ഒരുങ്ങുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.
നോവ സദോയിലൂടെ ഗോവയാണ് മത്സരത്തിലെ ആദ്യ അവസരം സൃഷ്ടിച്ചത്. ഏഴാം മിനിറ്റിൽ ബോക്സിലേക്ക് കടന്ന് കയറി താരം തൊടുത്ത ഷോട്ട് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. പിന്നീട് 23ആം നോവയിലൂടെ തന്നെ ഗോവ ഗോൾ കണ്ടെത്തി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ഹ്യൂഗോ ബൊമസിന്റെ മിസ് പാസ് പിടിച്ചെടുത്തു മുന്നേറിയ താരം, ബോക്സിന് പുറത്തു വെച്ചു തന്നെ ഷോട്ട് ഉതിർത്ത് വല കുലുക്കി. 41ആം മിനിറ്റിൽ കമ്മിൻസിന്റെ പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. എന്നാൽ പെനാൽറ്റിയിലേക്ക് വഴി വെച്ച ഫൗൾ വിവാദമായി. ആഷിഖ് കുരുണിയനെ പെനാൽറ്റി ബോക്സിന്റെ ലൈനിൽ എന്നോണം ജേക്കബ് വീഴ്ത്തിയത് റഫറി ആദ്യം ഫ്രീകിക്ക് വിളിച്ചെങ്കിലും ലൈൻ റഫറി ഇടപെട്ടതോടെ പെനാൽറ്റി നൽകുകയായിരുന്നു. ഗോവ താരങ്ങൾ ഇതിൽ പ്രതിഷേധിച്ചു. ഇതോടെ ആദ്യ പകുതി തുല്യ നിലയിൽ പിരിഞ്ഞു.
അറുപതിയൊന്നാം മിനിറ്റിൽ സദിഖുവിന്റെ ഒന്നാന്തരം ഒരു ഗോളിലൂടെ മോഹൻ ബഗാൻ ലീഡും കരസ്ഥമാക്കി. പിൻ നിരയിൽ നിന്നെത്തിയ പാസ് ക്ലിയർ ചെയ്യുന്നതിൽ സന്ദേഷ് ജിങ്കന് വമ്പൻ പിഴവ് സംഭവിച്ചപ്പോൾ പന്ത് കൈക്കലാക്കിയ സദിഖു സമയം പാഴാക്കാതെ ലോങ് റേഞ്ച് ഷോട്ട് ഉതിർത്തത് കൃത്യമായി വലയിൽ തന്നെ പതിച്ചു. 69ആം മിനിറ്റിൽ കോർണറിൽ നിന്നും റോളൻ ബോർജസ് ഉതിർത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. മത്സരം മുഴുവൻ സമയം പൂർത്തിയാക്കവെ വിശാൽ ഖേയ്ത്തിന്റെ കരങ്ങൾ മോഹൻ ബഗാന്റെ ലീഡ് നിലനിർത്തി. പൗലോ റെട്രെയുടെ ഫ്രീകിക്കിൽ നിന്നും ജെയ് ഗുപ്ത തൊടുത്ത തകർപ്പൻ ഹെഡർ മുഴുനീള ഡൈവിങ്ങിലൂടെ ഖേയ്ത് സേവ് ചെയ്തു. ബോർജസിന്റെ ശക്തിയേറിയ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. അവസാന നിമിഷങ്ങളിൽ ബഗാൻ പ്രതിരോധം ഉറച്ചു നിന്നതോടെ ഗോവയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു.