ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ തകർപ്പൻ ജയവുമായി മൊഹമ്മദൻസ്. ഇന്ന് നടന്ന മത്സരത്തിൽ ജംഷ്ദ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അവർ തകർത്തത്. യുവതാരം ഡേവിഡ് ലാലൻസാംഗ നാലു ഗോളുമായി തിളങ്ങിയപ്പോൾ രേംസെങ്ങ മറ്റു രണ്ടു ഗോളുകൾ കണ്ടെത്തി. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അവർക്കായി. ഒരേയൊരു ജയം മാത്രം സ്വന്തമാക്കാൻ കഴിഞ്ഞ ജംഷദ്പൂർ മൂന്നാം സ്ഥാനത്തുമാണ്.
പത്താം മിനിറ്റിൽ ആദ്യ ഗോൾ വന്നത് മുതൽ മൊഹമ്മദൻസിന്റെ ആധിപത്യം ആയിരുന്നു കളത്തിൽ. എതിർ പകുതിയുടെ മധ്യത്തിൽ നിന്നും കസിമോവ് നീട്ടി നൽകിയ ക്രോസിൽ മികച്ച ഫിനിഷിങ്ങുമായി രേംസെങ്ങയാണ് അക്കൗണ്ട് തുറന്നത്. ആറു മിനിറ്റിന് ശേഷം നഹ്വെൽ ഗോമസ് ഉയർത്തി നൽകിയ പന്തിൽ തകർപ്പൻ ഷോട്ട് ഉതിർത്തു കൊണ്ട് താരം ലീഡ് ഇരട്ടിയാക്കി. 27ആം മിനിറ്റിൽ ഗോമസിന്റെ മറ്റൊരു ബോളിൽ ഹെഡർ ഉതിർത്ത് ഡേവിഡ് മത്സരത്തിലെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സുയിദിക്കയുടെ ഹെഡർ പോസ്റ്റിൽ കൊണ്ടു മടങ്ങി.
രണ്ടാം പകുതിയിൽ ജംഷ്ദ്പൂരിന് പെനാൽറ്റിയുടെ രൂപത്തിൽ ഗോൾ മടക്കാൻ അവസരം ലഭിച്ചു. എന്നാൽ ആഷ്ലെയുടെ ഷോട്ട് തടുത്തു കൊണ്ട് ജോങ്തെ മൊഹമ്മദൻസിനെ ഗോൾ വഴങ്ങാതെ കാത്തു. പിറകെ ഗോമസിന്റെ ത്രൂ ബോൾ പിടിച്ചെടുത്തു ഡേവിഡ് തന്റെ രണ്ടാം ഗോൾ കുറിച്ചു. 82ആം മിനിറ്റിൽ എതിർ പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് വലയിൽ എത്തിച്ച് താരം ഹാട്രിക്കും പൂർത്തിയാക്കി. മുഴുവൻ സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ജംഷദ്പൂർ ഡിഫെൻസിന്റെ പിഴവ് മുതലെടുത്ത് ഡേവിഡ് തന്നെ പട്ടിക പൂർത്തിയാക്കി.