ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് കടക്കുന്ന ടീമായി ഇന്ത്യൻ ആർമി. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ആർമി ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ഒഡീഷ എഫ്സി, ബോഡോലാന്റ് എന്നിവരെ വീഴ്ത്തിയിരുന്ന ടീമിന് ഇന്ന് സമനില തന്നെ ധാരാളം ആയിരുന്നു. എന്നാൽ മികച്ച വിജയം തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായിരുന്ന രാജസ്ഥാന് ഇന്നത്തെ ഫലം നിരാശയുടേതായി. നാളത്തെ മത്സരങ്ങളോടെ പ്രീ ക്വാർട്ടർ ലൈനപ് പൂർണമായി അറിയാം. 2021 ന് ശേഷമുള്ള മിലിട്ടറി ടീമിന്റെ ആദ്യ പ്രീ ക്വാർട്ടർ പ്രവേശനം ആണിത്.
തുല്യ ശക്തികളുടേതായിരുന്നു ഇന്നത്തെ മത്സരം. പന്ത് കൈവശം വെക്കുന്നതിലും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുന്നതിലും ടീമിലും ടീമുകൾ ഒപ്പത്തിനൊപ്പം നിന്നു. എന്നാൽ ആകെ പോസ്റ്റിലേക്ക് മൂന്ന് തവണയെ ഇരു ടീമുകളും ഉന്നം വെച്ചുള്ളൂ. കാര്യമായ അവസരങ്ങൾ പിറക്കാതെ പോയ മത്സരത്തിൽ, ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യൻ ആർമിക്ക് ദീപക്കിലൂടെ ഒരു അവസരം വീണു കിട്ടി. എന്നാൽ ഖോങ്സായിയുടെ മികച്ചൊരു പാസും പിടിച്ചെടുത്തു ബോക്സിലെത്തിയ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. രാഘവ് ഗുപ്തയുടെ ഷോട്ട് സേവ് ചെയ്തു കൊണ്ട് കീപ്പർ സയദ് ആർമിയുടെ രക്ഷക്കെത്തി. ക്രോസിൽ നിന്നും രാഹുലിന്റെ ഹെഡർ പോസ്റ്റിന് മുകളിൽ അവസാനിച്ചു. അവസാന നിമിഷങ്ങളിൽ ഗോളിനായി രാജസ്ഥാൻ ടീം മുഴുവൻ ഇറമ്പിയാർത്തപ്പോൾ തുടർച്ചായി കോർണർ വഴങ്ങിയാണ് ആർമി പ്രതിരോധിച്ചത്. ഇത്തരം ഒരു കോർണറിൽ നിന്നും ക്യാപ്റ്റൻ സോമ തൊടുത്ത ഒന്നാം തരം ഒരു ഷോട്ട് എതിർ താരത്തിൽ തട്ടി പുറത്തേക്ക് തന്നെ തെറിച്ചു. ഇതോടെ ആഗ്രഹിച്ച സമനില ആർമി നേടിയെടുത്തു.
Download the Fanport app now!