ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫ് ലെ പോരാട്ടത്തിൽ ബോഡോലാണ്ട് എഫ്സിയെ എതിരല്ലാത്ത ഒരു ഗോളിന് കീഴടക്കി രാജസ്ഥാൻ യുനൈറ്റഡ്. ഇടക്ക് മഴ മുടക്കിയ മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോൾ ആണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. വില്യം പൗളിയൻഖുമാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. രാജസ്ഥാൻ അടുത്ത മത്സരത്തിൽ ഒഡീഷ എഫ്സിയെ നേരിടും. ബോഡോലാന്റിന് ഇന്ത്യൻ ആർമിയാണ് തുടർന്നുള്ള മത്സരത്തിലെ എതിരാളികൾ.
തിങ്ങി നിറഞ്ഞ കാണികളും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അടക്കമുള്ള വിഐപികൾക്ക് മുന്നിൽ രാജസ്ഥാൻ ആക്രമിച്ചു തന്നെ മത്സരം ആരംഭിച്ചു. തുടക്കം മുതൽ അവർ അവസരങ്ങൾ സൃഷ്ടിച്ചു. പതിനാറാം മിനിറ്റിൽ കോർണറിൽ നിന്നുള്ള അപകടനം ഗോൾ വഴങ്ങാതെ ഗോൾ ലൈൻ സേവിലൂടെ ബോഡോലാന്റ് പ്രതിരോധം രക്ഷപ്പെടുത്തി. 41 ആം മിനിറ്റിൽ രാജസ്ഥാനിൽ നിന്നും റാഞ്ചിയെടുത്ത ബോളുമായി കൗണ്ടർ നീക്കം നടത്തിയ ബോഡോലാന്റിന് പക്ഷെ 20 ആം നമ്പർ താരം ഗനെഫോ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു കളഞ്ഞത് നിരാശ നൽകി. ഒന്നാം പകുതിയിലെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പിറകെ ബോഡോലാന്റിന് വേണ്ടി ഇടത് വിങ്ങിൽ നിന്നും അർജുന്റെ ലോങ് റേഞ്ച് ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.
മഴയിൽ കുതിർന്ന രണ്ടാം പകുതി രാജസ്ഥാന്റെ ഗോളുമായി ആണ് ആരംഭിച്ചത്. വലത് വിങ്ങിൽ ചാങ്തെ തുടക്കമിട്ട മുന്നേറ്റം ബോക്സിലേക്ക് റിച്ചാർഡ്സന് മറിച്ചു നൽകിയപ്പോൾ താരം തൊടുത്ത ഷോട്ടിൽ കൃത്യമായി ഇടപെട്ടാണ് പൗളിയൻഖും ഗോൾ നേടിയത്. മഴ കൊണ്ട് വെള്ളകെട്ട് ആയ പിച്ചിന്റെ ആനുകൂല്യവും ലഭിച്ചു. പിന്നീട് കടുത്ത മഴയും പിച്ചിന്റെ സാഹചര്യവും കണക്കിൽ എടുത്തു റഫറി മത്സരം നിർത്തി വെച്ചു.