ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ കീഴടക്കി മുഹമ്മദൻ സ്പോർട്ടിങ്.
ഡേവിഡ് ലാലൻസംഗ, രേംസാങ്ങ എന്നിവർ ജേതാക്കൾക്കായി ഗോൾ നേടിയപ്പോൾ മലയാളി താരമായ ബ്രിട്ടോ ആണ് ഇന്ത്യൻ നേവിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഗ്രൂപ്പിൽ തുടർ വിജയവുമായി മുംബൈ സിറ്റി അടുത്ത റൗണ്ടിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുഹമ്മദൻസിന് അടുത്ത മത്സരത്തിൽ വലിയ തിരിച്ചു വരവ് നടത്തിയാൽ മികച്ച രണ്ടാം സ്ഥാനക്കാർക്കു വേണ്ടിയുള്ള സ്ഥാനത്തിൽ പ്രതീക്ഷ ആർപ്പിക്കാം.
ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. പന്ത്രണ്ടാം മിനിറ്റിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഡേവിഡ് ലാലൻസംഗയുടെ ശ്രമം നേവി കീപ്പർ വിഷ്ണു തടുത്തതും താരത്തിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നുള്ള മറ്റൊരു ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയതും ആയിരുന്നു ആദ്യ പകുതിയിലെ പ്രധാന അവസരങ്ങൾ. നഹ്വെൽ ഗോമസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദൻ സ്പോർട്ടിങ് ലീഡ് നേടി. ബികാശിന്റെ ബോക്സിനുള്ളിലേക്കുള്ള ത്രൂ ബോൾ പിടിച്ചെടുത്ത ലാലൻസംഗ പ്രതിരോധ താരത്തെയും കീപ്പറേയും വീട്ടിയൊഴിഞ്ഞു ലക്ഷ്യം കാണുകയായിരുന്നു. പിറകെ ഗോമസിന്റെ ലോങ് റേഞ്ചറിൽ വിഷ്ണുവിന്റെ മനോഹരമായ സേവ് നേവിയുടെ രക്ഷക്കെത്തി. അറുപതിയോൻപതാം മിനിറ്റിൽ രേംസാങ്ങ ലീഡ് ഇരട്ടിയാക്കി. ലാലൻസാംഗയാണ് ഇത്തവണ അസിസ്റ്റുമായി ചരട് വലിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഇന്ത്യൻ നേവി കിണഞ്ഞു ശ്രമിച്ചു. 89ആം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ബ്രിട്ടോയുടെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. എന്നാൽ മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ബ്രിട്ടോയിലൂടെ തന്നെ നേവി ഒരു ഗോൾ മടക്കി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള ഫൗളിൽ റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു.