ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനിലയിൽ കുരുങ്ങി ബെംഗളൂരു എഫ്സി. കൊൽക്കത്തയിൽ വെച്ചു നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സ് ആണ് ബെംഗളൂരുവിനെ സമനിലയിൽ തളച്ചത്. ആദ്യം ഗോൾ കണ്ടെത്തിയ എയർ ഫോഴ്സ് അട്ടിമറി പ്രതീക്ഷകൾ നൽകിയെങ്കിലും ഐഎസ്എൽ ടീം തിരിച്ചു വരികയായിരുന്നു. ഗ്രൂപ്പിൽ ഗോകുലം കേരള ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ബെംഗളൂരു യുവനിരക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് എയർ ഫോഴ്സ് പുറത്തെടുത്തത്. ആറാം മിനിറ്റിൽ ബെംഗളൂരുവിന്റെ കോർണർ എയർ ഫോഴ്സ് പ്രതിരോധം ക്ലിയർ ചെയ്തതപ്പോൾ ലഭിച്ച ബോളിൽ തിരിച്ച് ഹർഷ് പത്രേ തൊടുത്ത ലോങ് റേഞ്ചർ കീപ്പർ കൈക്കലാക്കി. 20ആം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ എത്തി. മൈതാന മധ്യത്തിൽ നിന്നും ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പരാഗ് സതീഷിന് പിഴച്ചപ്പോൾ ഓടിയെത്തിയ വിവേക് കുമാർ എയർ ഫോഴ്സിന് വേണ്ടി വല കുലുക്കി. ബോക്സിന് പുറത്തു നിന്നും ഭാഗ്യം പരീക്ഷിച്ച ഹർഷിന്റെ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.
അൻപതിയെട്ടാം മിനിറ്റിൽ ബംഗളൂരു കാത്തിരുന്ന ഗോൾ എത്തി. ബോക്സിനുള്ളിൽ എതിർ പ്രതിരോധത്തെ മറികടന്ന് ഹർഷ് നൽകിയ പാസ് ആണ് ഗോളിലേക്ക് വഴി തുറന്നത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ജോൺസൻ തൊടുത്ത ശക്തിയേറിയ ഷോട്ട് തടയാൻ കീപ്പറും സഹതാരങ്ങളും എത്തിയെങ്കിലും പന്ത് വല കുലുക്കുക തന്നെ ചെയ്തു. മുഴുവൻ സമയത്തിന് തൊട്ടു മുൻപ് ബെംഗളൂരു താരം റോബിൻ യാദവിന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഹെഡർ പോസ്റ്റിലും തുടർന്ന് കീപ്പറുടെ കൈകളിലും തട്ടി പുറത്തേക്ക് തെറിച്ചു.