ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ തുടർ ജയവുമായി ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റം. ഇന്ന നടന്ന മത്സരത്തിൽ ത്രിഭുവൻ ആർമിയെയാണ് അവർ കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഐഎസ്എൽ ടീമിന്റെ ജയം. ഫാറൂഖ് ചൗധരി, റഹീം അലി, റാഫേൽ ക്രിവല്ലറോ എന്നിവർ വല കുലുക്കി. ഇതോടെ അവർ നോക്ക് ഔട്ട് റൗണ്ടും ഉറപ്പിച്ചു.
ചെന്നൈയിന്റെ ആധിപത്യം തന്നെ ആയിരുന്നു തുടക്കം മുതൽ. പത്താം മിനിറ്റിൽ ഷീൽഡ്സിന്റെ ക്രോസിൽ ഫാറൂഖ് ഗോളിന് അടുത്തെത്തിയെങ്കിലും ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 22ആം മിനിറ്റിൽ ഇതേ താരങ്ങളുടെ മികവിൽ ചെന്നൈയിൻ ലീഡ് എടുത്തു. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്നും ഷീൽഡ്സ് നൽകിയ പാസ് റഫീഖ് കൃത്യമായി വലയിൽ എത്തിച്ചു. മറെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റഹീം അലി ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷീൽഡ്സിന്റെ ക്രോസിൽ റഹീം അലിയുടെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 84ആം മിനിറ്റിൽ അവസാന ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും ക്രിവല്ലാരോ തൊടുത്ത ഷോട്ട് എതിർ താരത്തിൽ തട്ടി ഉയർന്ന ശേഷം പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്കും രക്ഷപ്പെടുത്താൻ ആയില്ല.