ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈ യിൽ ഐഎസ്എൽ വമ്പന്മാർ മുഖാമുഖം വന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ മലർത്തിയടിച്ച് ചെന്നൈയിൻ എഫ്സിക്ക് ടൂർണമെന്റ് അരങ്ങേറ്റം. ഷീൽഡ്സ്, ജോർദാൻ മറെ എന്നിവ ചെന്നൈയിന് വേണ്ടി വല കുലുക്കി. അലക്സ് സാജിയുടെ സെൽഫ് ഗോളും അവർക്ക് അനുകൂലമായി. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ സാന സിങ് ആശ്വാസ ഗോൾ കണ്ടെത്തി. ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്നായിരുന്നു ചെന്നൈയിന്റെ വിജയം. ഇതോടെ ചെന്നൈയിൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ രണ്ടു മത്സരങ്ങളിലും ജയം കാണാത്തത് ഹൈദരാബാദിന് തിരിച്ചടിയാണ്. ഡൽഹി എഫ്സിയോടുള്ള സമനില മാത്രമാണ് അവരുടെ സമ്പാദ്യം.
മൂന്നാം മിനിറ്റിൽ തന്നെ റഫറിയുടെ പെനാൽറ്റി വിസിൽ കേട്ടാണ് മത്സരം ഉണർന്നത്. കോർണറിൽ നിന്നെത്തിയ ബോളിൽ ഷോട്ട് ഉതിർക്കാനുള്ള ഹൈദരാബാദ് താരം ഹിതേഷിന്റെ ശ്രമം ജിതേഷ്വർ സിങ് തടയാൻ ശ്രമിച്ചത് ഫൗളിൽ കലാശിക്കുകയായിരുന്നു. കിക്ക് എടുത്ത സാന സിങ് പന്ത് കൃത്യമായി വലയിൽ എത്തിച്ചു. എന്നാൽ തൊട്ടു പിറകെ ചെന്നൈയിൻ ഗോൾ തിരിച്ചടിക്കാൻ നീക്കമാരംഭിച്ചു. ആറാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ഫാറൂഖിന്റെ പോസ്റ്റിന് മുന്നിലേക്കുള്ള ക്രോസ് തടയാനുള്ള അലക്സ് സാജിയുടെ ശ്രമം പക്ഷെ, സെൽഫ് ഗോളായി മാറുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ ഹൈദരാബാദ് ഡിഫെൻസിന്റെ വമ്പിച്ച പിഴവ് മുതലാക്കി ഷീൽഡ്സ് ടീമിന് ലീഡ് സമ്മാനിച്ചു. പാസ് നൽകാനുള്ള കീപ്പറുടെ ശ്രമം എതിർ താരമായ മറെയിലേക്ക് എത്തിയപ്പോൾ ബോസ്കിനുള്ളിൽ തടയാൻ ആരുമില്ലാതെ നിന്ന കൊണ്ണോർ ഷീൽഡ്സ് പാസ് സ്വീകരിച്ച് അനായാസം നിറയൊഴിച്ചു. 32ആം മിനിറ്റിൽ താരത്തിന്റെ മറ്റൊരു തകർപ്പൻ ഷോട്ട് കീപ്പർ തടുത്തിട്ടു.
രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങി സെക്കന്റുകൾക്കകം ചെന്നൈയിൻ സ്കോർ പട്ടിക പൂർത്തിയാക്കി. 30 എതിർ ഡിഫെൻസിന് മുകളിലൂടെ തൂക്കിയിട്ട് നൽകിയ പന്ത് ഓടിയെടുത്ത ജോർദാൻ മറെ, കീപ്പർ മാത്രം മുന്നിൽ നിൽക്കെ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ കൂടുതൽ ഗോളുകൾ വഴങ്ങുമെന്ന പ്രതീതി ഹൈദരാബാദ് സൃഷ്ടിച്ചെങ്കിലും ഇതെ സ്കോറിൽ തന്നെ മത്സരം അവസാനിപ്പിക്കാൻ അവർക്കായി. ഹൈദരാബാദ് ഡിഫൻസിലെ ആശയക്കുഴപ്പം മത്സരത്തിൽ ഉടനീളം പ്രകടമായിരുന്നു.