ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഈയിൽ മൂന്നാം മത്സരത്തിലും വിജയം കരസ്ഥമാക്കി ചെന്നൈയിൻ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൽഹി എഫ്സിയേയാണ് ചെന്നൈയിൻ കീഴടക്കിയത്. ഇതോടെ ഡൽഹി ടൂർണമെന്റിൽ നിന്നും പുറത്തായി. വിൻസി ബറേറ്റോ, റാഫേൽ ക്രിവല്ലാറോ എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കിയപ്പോൾ പെപ്പെ അലെസാനെ ഡൽഹിയുടെ ആശ്വാസ ഗോൾ നേടി.
നേരത്തെ പ്രീ ക്വർട്ടർ ഉറപ്പിച്ചതിനാൽ കഴിഞ്ഞ മത്സരത്തിൽ നിന്നും ഏഴു മാറ്റങ്ങളുമായാണ് ചെന്നൈയിൻ ഡെൽഹിക്കെതിരെ ഇറങ്ങിയത്. നിലനിൽപ്പിന് ജയമല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ഡൽഹി ആക്രമിച്ചു തന്നെ കളിച്ചു. പതിനെട്ടോളം തവണ ഷോട്ട് ഉതിർക്കാൻ അവർക്കായി. എന്നാൽ ലക്ഷ്യത്തിലേക്ക് വളരെ കുറച്ചു മാത്രമേ എത്തിയുള്ളൂ. തുടക്കത്തിൽ ക്രിവല്ലറോ ഒരുക്കി നൽകിയ സുവർണാവസരത്തിൽ നിൻതോയിയുടെ ഷോട്ട് കീപ്പർക്ക് നേരെ ആയി. പെപ്പെയുടെ ഫ്രീകിക്കിൽ നിന്നും ഗോൾ നേടാനുള്ള ഡൽഹിയുടെ ശ്രമവും ഇഞ്ചുകൾ മാത്രം അകന്ന് പോയി. 37ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ബോക്സിനകത്ത് പന്ത് സ്വീകരിച്ച് എതിർ പ്രതിരോധ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു ക്രിവല്ലറോ ആണ് വല കുലുക്കിയത്.
അൻപതാം മിനിറ്റിൽ വിൻസി രണ്ടാം ഗോൾ കണ്ടെത്തി. പകരക്കാരനായി എത്തിയ താരം ഇടത് വിങ്ങിലൂടെ കുതിച്ച സച്ചുവിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ നിന്നാണ് വല കുലുക്കിയത്. തൊട്ടു പിറകെ ഡൽഹി ഒരു ഗോൾ തിരിച്ചടിച്ചു. ബോക്സിന് തൊട്ടു പുറത്തു നിന്നും പെപ്പെ എടുത്ത ഫ്രീകിക്ക് വലയിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്കും നോക്കിയിരിക്കാനെ സാധിച്ചുള്ളൂ. പിന്നീട് ജെസുരാജ്, ജിതേശ്വർ എന്നിവർ പ്രതിരോധത്തെ മറികടന്ന് എത്തി തൊടുത്ത ഷോട്ടുകൾക്ക് തടയിട്ടു കൊണ്ട് കീപ്പർ നിതീഷ് ഡൽഹിയെ കൂടുതൽ ഗോൾ വഴങ്ങാതെ കാത്തു.