ജർമ്മനിയിൽ വീണ്ടും ബയേൺ ചാമ്പ്യന്മാർ. കയ്യിൽ കിട്ടിയ കിരീടം ഡോർട്മുണ്ട് കൈവിട്ടപ്പോൾ ഗോൾ ഡിഫറൻസിന്റെ മുൻതൂക്കത്തിൽ ബയേൺ കിരീടം സ്വന്തമാക്കി. ഇന്ന് ജയിച്ചാൽ കിരീടം നേടാമായിരുന്ന ഡോർട്മുണ്ട് മൈൻസിനോട് സമനില വഴങ്ങിയപ്പോൾ കൊളോണെയെ തോൽപ്പിച്ച ബയേൺ കിരീടത്തിലേക്ക് മാർച്ച് ചെയ്തു. ബയേണിന്റെ 33ആം ബുണ്ടസ് ലീഗ കിരീടമായിരുന്നു ഇത്.
ജർമ്മൻ ഫുട്ബോളിന് എന്നുമുള്ള വിമർശനം അവിടെ കിരീട പോരാട്ടം ആവേശകരമല്ല എന്നായിരുന്നു. ഒരു ദശകത്തിലേറെ ആയി ബയേൺ അല്ലാതെ ആരും കിരീടം നേടാത്ത ലീഗ്. എന്നാൽ ഈ സീസണിൽ ബുണ്ടസ് ലീഗ വേറെ ലെവൽ ആയെന്ന് പറയാം. ഈ സീസണിൽ യൂറോപ്പിലെ ടോപ് 5 ലീഗിലെ ഏറ്റവും ആവേശകരമായ കിരീട പോരാട്ടം നടന്നത് ജർമ്മനിയിലാണ്. ഇന്നതിന്റെ ക്ലൈമാക്സ് ആയിരുന്നു.
കളി തുടങ്ങുമ്പോൾ ഡോർട്മുണ്ടിന് 70 പോയിന്റും ബയേണ് 68 പോയിന്റും. ഹോം ഗ്രൗണ്ടിൽ മൈൻസിനെ നേരിടുന്ന ഡോർട്മുണ്ടിന് ഒരു വിജയം കൊണ്ട് കിരീടം ഉറപ്പിക്കാം എന്ന അവസ്ഥ. ബയേൺ ഇതേ സമയം എവേ ഗ്രൗണ്ടിൽ കോളൊണെയും നേരിടുന്നു. കളി ആരംഭിച്ച് 15ആം മിനുട്ടിൽ സിഗനൽ ഇടുന പാർക്കിനെ ഞെട്ടിച്ച് മൈൻസിന്റെ ഗോൾ. ഹാഞ്ചെ ഒൽസെന്റെ ഗോൾ. സ്കോർ 0-1
ബയേൺ ആ സമയത്ത് കോളോനെതിരെ ലീഡ് ചെയ്യുക ആയിരുന്നു. എട്ടാം മിനുട്ടിൽ കൊമാന്റെ ഗോളാണ് ബയേണ് ലീഡ് നൽകിയത്. ഇതോടെ പോയിന്റ് ടേബിളിൽ 71 പോയിന്റുമായി ബയേൺ ഒന്നാമത് എത്തി. 70 പോയിന്റുള്ള ഡോർട്മുണ്ട് രണ്ടാമതും.
19ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഡോർട്മുണ്ടിന് കളിയിലേക്ക് തിരികെവരാൻ ഒരു അവസരം ലഭിച്ചു. എന്നാൽ കിക്ക് എടുത്ത ഹാളറിന് പിഴച്ചു. സ്കോർ 0-1 എന്ന് തുടർന്നു. 24ആം മിനുട്ടിൽ കരിം ഒനിസിവോയിലൂടെ മൈൻസിന്റെ രണ്ടാം ഗോൾ. ഇത് ഡോർട്മുണ്ടിന് കിരീടത്തിലേക്ക് ഉള്ള ദൂരം കഠിനമാക്കി മാറ്റി.
ആദ്യ പകുതി ഇതേ സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഡോർട്മുണ്ട് തീർത്തും ആക്രമണത്തിലേക്ക് തിരിഞ്ഞു. 68ആം മിനുട്ടിൽ ഗുറേറോയുടെ ഫിനിഷിൽ ഡോർട്മുണ്ട് കളിയിലേക്ക് തിരികെയെത്തി. സ്കോർ 1-2. പിന്നെ സമനില ഗോളിനായുള്ള ശ്രമം. റിയുസിനും ഹാളറിനും നല്ല അവസരം കിട്ടി എങ്കിലും രണ്ടാം ഗോൾ വന്നില്ല.
പക്ഷെ 81ആം മിനുട്ടിൽ ബയേൺ അവരുടെ മത്സരത്തിൽ സമനില വഴങ്ങി. ലുബിചിചിന്റെ ഗോൾ ആണ് കൊളോണിന് അവിടെ സമനില നൽകിയത്. സ്കോർ 1-1. ഇതോടെ 70 പോയിന്റുള്ള ഡോർട്മുണ്ട് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 69 പോയിന്റുമായി ബയേൺ രണ്ടാം സ്ഥാനത്തേക്കും.
ഡോർട്മുണ്ടിന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. 88ആം മിനുട്ടിൽ ബയേൺ വീണ്ടും ലീഡ് എടുത്തു. മുസിയാല ആണ് ബയേണ് ലീഡ് നൽകിയത്. വീണ്ടും 71 പോയിന്റുമായി ബയേൺ മുന്നിൽ. ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ വീണ്ടും നിശബ്ദത. അഞ്ചു മിനുട്ടിനകം രണ്ടു ഗോൾ നേടിയാൽ മാത്രമെ കിരീടം നേടാൻ ആകൂ എന്ന അവസ്ഥയിൽ ആയി ഡോർട്മുണ്ട്.
96ആം മിനുറ്റിൽ സൂളിന്റെ ഗോളിൽ ഡോർട്മുണ്ട് സമനില നേടി. സ്കോർ 2-2. പോയിന്റ് ടേബിളിൽ ബയേണും ഡോർട്മുണ്ടിനും 71 പോയിന്റ്. പക്ഷെ വിജയ ഗോൾ വന്നില്ല. ഗോൾ ഡിഫറൻസിന്റെ ബലത്തിൽ ബയേൺ ചാമ്പ്യൻസ്.
2011-12 സീസണു ശേഷമുള്ള ആദ്യ ലീഗ് കിരീടം എന്ന ഡോർട്മുണ്ടിന്റെ ലക്ഷ്യം ഇതോടെ അവസാനിച്ചു. തുടർച്ചയായ 11ആം സീസണിലാണ് ബയേൺ ബുണ്ടസ് ലീഗ ഉയർത്തുന്നത്.