ആസ്റ്റൺ വില്ലയുടെ ഡച്ച് മുന്നേറ്റ താരം ഡോണിയൽ മാലനെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ ജനുവരിയിലെ വലിയൊരു ട്രാൻസ്ഫർ നീക്കം പൂർത്തിയാക്കി. താരത്തെ വാങ്ങാനുള്ള നിർബന്ധിത വ്യവസ്ഥയോടെയുള്ള (Mandatory buy clause) ലോൺ കരാറിലാണ് റോമ മാലനെ ടീമിലെത്തിച്ചത്. ഇതിനായി റോമ തുടക്കത്തിൽ രണ്ട് മില്യൺ പൗണ്ട് നൽകും.
റോമ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത നേടുകയാണെങ്കിൽ അടുത്ത വർഷം 25 മില്യൺ പൗണ്ട് നൽകി താരത്തെ സ്ഥിരമായി സ്വന്തമാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ക്ലബ് ഡയറക്ടർ റിക്കി മസ്സാരയുടെ നേതൃത്വത്തിലാണ് ഈ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.
വൈദ്യപരിശോധനയ്ക്കും കരാർ ഒപ്പിടുന്നതിനുമായി മാലൻ ഇന്ന് റോമയിലേക്ക് തിരിക്കും. ആസ്റ്റൺ വില്ലയ്ക്കായി കളിച്ച ഒരു വർഷത്തിനിടെ 46 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടാൻ മാലന് സാധിച്ചിരുന്നു.









