എഫ് സി തൃശ്ശൂർ ഇനി തൃശ്ശൂരിന്റെ ചാമ്പ്യന്മാർ. ഇന്ന് നടന്ന തൃശ്ശൂർ ജില്ലാ സൂപ്പർ ഡിവിഷനിലെ അവസാന മത്സരത്തിൽ ലീഗിൽ ഒന്നാമത് ഉണ്ടായിരുന്ന എഫ് സി കേരളയെ തോൽപ്പിച്ചാണ് എഫ് സി തൃശ്ശൂർ ലീഗ് കിരീടത്തിൽ മുത്തമുട്ടത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി തൃശ്ശൂരിന്റെ വിജയം. ജിബിൻ ദേവസിയും വിഷ്ണുവും ഉചെയും ആണ് തൃശ്ശൂരിന്റെ ഗോളുകൾ നേടിയത്.
നൈജീരിയൻ താരമായ ഉചെയുടെ ഗോൾ സൂപ്പർ ഡിവിഷനിൽ ഈ സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു. ഒരു ഗംഭീര ഫ്രീകിക്കിലൂടെ ആയിരുന്നു ഉചെ ഈ ഗോൾ നേടിയത്. ഈ വിജയത്തോടെ എഫ് സി തൃശ്ശൂർ ലീഗിൽ 16 പോയന്റുമായ് ലീഗ് ചാമ്പ്യന്മാരായി. ഇന്ന് മത്സരത്തിന് മുമ്പ് വരെ 15 പോയന്റോടെ എഫ് സി കേരള ആയിരുന്നു ലീഗിൽ മുന്നിൽ.
ലീഗിൽ അവസാന രണ്ടു സ്ഥാനങ്ങളിൽ എത്തിയ ശ്രീ കേരളവർമ്മ കോളേജും, ജില്ലാ പോലീസും എ ഡിവിഷനിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ടു. സാക്രഡ് ഹാർട്ടും സ്പാരോസും സൂപ്പർ ഡിവിഷനിലേക്ക് പ്രൊമോഷനും നേടി.