24/ 07/ 2025, കോഴിക്കോട്: ഗോകുലം കേരള എഫ് സിയുടെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായി ഡെറിക് പെരേരയെ നിയമിച്ചു. കളിക്കാരനായും, പരിശീലകനായും, ടെക്നിക്കൽ ഡയറക്ടറായും ഇന്ത്യൻ ഫുട്ബോളിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുണ്ട് ഇദ്ദേഹത്തിന് . ഏറ്റവും അവസാനമായി, ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയുടെ ടെക്‌നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു, അവിടെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും വളർത്തിയെടുക്കുന്നതിലും ക്ലബ്ബിന്റെ ഫുട്‌ബോൾ ഘടന ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഡെറിക് പെരേരയ്ക്ക് എ.എഫ്.സി ‘പ്രൊ’ കോച്ചിംഗ് ഡിപ്ലോമ ഉണ്ട്.
നിയമനത്തെക്കുറിച്ച് സംസാരിച്ച ഡെറിക് പെരേര പറഞ്ഞു:
“ഗോകുലം കേരള എഫ്‌സിക്കൊപ്പം ജോയിൻ ചെയ്യുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് – മികച്ച ലക്ഷ്യങ്ങളും ആവേശഭരിതരായ ഒരു ആരാധകവൃന്ദവുമുള്ള ക്ലബ്ബാണിത്, ക്ലബ്ബിനെ കൂടുതൽ മികച്ച വിജയത്തിലേക്ക് നയിക്കുന്നതിന് കളിക്കാരോടും, പരിശീലകരോടുമൊപ്പം, അടുത്ത് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
ഇന്ത്യൻ ഫുട്ബോളിൽ മഹിന്ദ്ര യുണൈറ്റഡ്, പുണെ എഫ് സി, സാൽഗോൾക്കർ എസ് സി, ഡി എസ് കെ ശിവാജിയൻസ് ഉൾപ്പെടെ നിരവധി ഫുട്ബോൾ ക്ലബ്ബ്കളുടെ കോച്ച് ആയിട്ടുണ്ട് ഡെറിക് പെരേര, നാഷണൽ ഫുട്ബോൾ ലീഗ്, ഡ്യൂറാൻഡ് കപ്പ് ഉൾപ്പെടെ നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്. 2019 -2020 സീസണിൽ ഇന്ത്യൻ അണ്ടർ 23 ടീമിന്റെ പരിശീലകനായിരുന്നു.
1984 മുതൽ 1991 വരെയുള്ള വർഷങ്ങളിൽ ഇന്ത്യൻ കുപ്പായത്തിൽ പ്ലെയറായും തിളങ്ങിയിട്ടുണ്ട്, 1984 ൽ സന്തോഷ് ട്രോഫി നേടിയ ഗോവൻ ടീമിലും ഉണ്ടായിരുന്നു.