ഛത്തീസ്ഗഡിലെ നരെയ്ൻപൂരിലുള്ള രാമകൃഷ്ണ മിഷൻ ആശ്രമ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡെൽഹിയോട് തോറ്റ കേരളം സ്വാമി വിവേകാനന്ദ അണ്ടർ-20 പുരുഷ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളത്തിന്റെ തോൽവി.
നിശ്ചിത സമയത്ത് 3-3 എന്ന സ്‌കോറിൽ ആയിരുന്നു ഇരു ടീമുകളും ഉണ്ടായിരുന്നത്. 30 മിനിറ്റ് അധിക സമയത്തും സമനില ഭേദിക്കാൻ കഴിയാതെ വന്നതോടെയാണ് ടൈ ബ്രേക്കറിൽ കളി എത്തിയത്. ടൈ ബ്രേക്കറിൽ 4-1ന് ജയിച്ച ഡൽഹി സെമിയിലേക്ക് മുന്നേറി. രണ്ട് പെനാൽറ്റി കിക്കുകൾ രക്ഷിച്ച ഡൽഹി ഗോൾകീപ്പർ കരൺ മക്കാർ ആണ് ടീമിനെ സെമിയിൽ എത്തിച്ചത്.
മക്കാർ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കർണാടകയ്ക്കും മണിപ്പൂരിനും ശേഷം സെമിഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ഡൽഹി മാറി. ടൈ ബ്രേക്കറിൽ എസ് ടി ലാംലാലിയൻ, ഋതുരാജ് മോഹൻ, കാംഗിൻസി ടൗതാങ്, അക്ഷയ് രാജ് സിംഗ് എന്നിവരാണ് ഡൽഹിക്കായി ഗോൾ നേടിയത്. അക്ഷയ് കുമാർ മാത്രമാണ് കേരളത്തിന് വേണ്ടി തൻ്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞത്.