പ്രീമിയർ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ നാടകീയ വിജയം സ്വന്തമാക്കി. ഇന്ന് ബ്രെന്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ ഇഞ്ച്വറി ടൈമിൽ നേടിയ ഇരട്ട ഗോളുകളിലൂടെയാണ് വിജയം നേടിയത്. ഡാർവിൻ നൂനിയസ് നേടിയ ഇരട്ട ഗോളുകൾ ആണ് അവർക്ക് 2-0ന്റെ ജയം ഉറപ്പാക്കിയത്.
ഇന്ന് ആദ്യ 90 മിനുറ്റിൽ 35ലധികം ഷോട്ടുകൾ തൊടുത്തെങ്കിലും ലിവർപൂളിന് ആദ്യ ഗോൾ കണ്ടെത്താൻ എളുപ്പമായിരുന്നില്ല. ബ്രെന്റ്ഫോർഡും ഇന്ന് നല്ല ആക്രമണ നീക്കങ്ങൾ നടത്തിയിരുന്നു.
അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും എൻഡ് ടു എൻഡ് ഫുട്ബോൾ ആണ് കളിച്ചത്. 91ആം മിനുറ്റിൽ റൊബേർട്സൺ നൽകിയ പാസ് സ്വീകരിച്ചാണ് നൂനിയസ് ലീഡ് നേടിയത്. പിന്നാലെ 93ആം മിനുറ്റിൽ വീണ്ടും സ്കോർ ചെയ്ത് നൂനിയസ് ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ലിവർപൂൾ 21 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു. ബ്രെന്റ്ഫോർഡ് 28 പോയിന്റുമായി 11ആം സ്ഥാനത്താണ്.